താമസിച്ച മുറിയൊഴിഞ്ഞു, ഓട്ടോയിൽ കയറുന്നത് സിസിടിവിയിൽ; മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി
Mail This Article
കോഴിക്കോട് ∙ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം കാണാതായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും വ്യാഴാഴ്ച മുതൽ കാണാനില്ലെന്നു പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് കാണാതായത്. മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രജിത്തിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രത്യക്ഷമാകൽ. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിൽ എത്തിയില്ലെന്ന് തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇവരുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്.
മാമി തിരോധാനവുമായി രജിത്തിനു പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് മുറി ഒഴിഞ്ഞ് പുറത്തുപോകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫിസിൽനിന്നു വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെ പരിശോധിച്ചിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ജൂലൈ പത്തിന് എഡിജിപി എം.ആർ.അജിത്കുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.