ഗോപാലകൃഷ്ണൻ ഇൻ, പ്രശാന്ത് ഔട്ട്; സസ്പെൻഷൻ കാലാവധി നീട്ടി, മെമ്മോയ്ക്ക് മറുപടി നൽകണമെന്ന് ചീഫ് സെക്രട്ടറി
Mail This Article
തിരുവനന്തപുരം ∙ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയത്. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു. അതേസമയം, മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ ആരോപണവിധേയനായ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലൃഷ്ണനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
അതിനിടെ പ്രശാന്തിനു മറുപടി നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനു ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.
സാമൂഹമാധ്യമ കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ചതാണ് എൻ.പ്രശാന്തിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. പട്ടികജാതി- വർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമത്തിനും പദ്ധതി നിർവഹണത്തിനുമുള്ള ‘ഉന്നതി’യുടെ ഫയലുകൾ കാണാനില്ലെന്നും സ്പെഷൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പുറത്തുവന്നതോടെയാണ് സാമൂഹമാധ്യമത്തിലൂടെ, എല്ലാ സർവിസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപിക്കാൻ തുടങ്ങിയത്.