ADVERTISEMENT

കൽപറ്റ∙ ഒളിവിലാണെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐ.സി.ബാലകൃഷ്ണനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് കർണാടകയിൽ എത്തിയതാണെന്നാണ് വിഡിയോ സന്ദേശത്തിലൂടെ ഐ.സി.ബാലകൃഷ്ണൻ അറിയിച്ചത്. കേസെടുത്തതിനു പിന്നാലെ ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. 15 വരെ ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഐ.സി.ബാലകൃഷ്ണൻ വിഡിയോ സന്ദേശം പുറത്തുവിട്ടത്.

‘‘ജനപ്രതിനിധി എന്ന നിലയ്ക്ക് ഒളിവിൽ പോകേണ്ട ആളല്ല. നീതിന്യായ കോടതിയിൽ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടതുപക്ഷം കുറേക്കാലമായി എന്നെ വേട്ടയാടുകയാണ്. എന്നോട് രാഷ്ട്രീയ പക പോക്കൽ നടത്തുകയാണ്. എന്റെ ജനകീയത സിപിഎമ്മിന് സഹിക്കാൻ കഴിയാത്തതിന്റെ ഭാഗമായാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. അതിനെ ഭയപ്പെടുന്നില്ല’’–ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. 

അതേസമയം, അർബൻ ബാങ്കിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ നൽകിയെന്ന് പറയപ്പെടുന്ന കത്ത് പുറത്തു വന്നു. അര്‍ബൻ ബാങ്ക് സ്വീപ്പര്‍ തസ്തകയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംഎൽഎയുടെ പേരിലുള്ള കത്താണ് പ്രചരിക്കുന്നത്. 2021 ജൂണിൽ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ബത്തേരി പൊലീസ് ഇന്നലെ കേസെടുത്തത്. കെ.കെ.ഗോപിനാഥൻ ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

English Summary:

N.M.Vijayan Suicide Case: I.C. Balakrishnan refutes hiding allegations, stating he came Karnataka to attend a wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com