എൻ.എം.വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞു; മുൻകൂർ ജാമ്യാപേക്ഷ 15ന് പരിഗണിക്കും
Mail This Article
കൽപറ്റ∙ ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റേയും മുൻകൂർ ജാമ്യാപേക്ഷ 15ന് പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകി. ഡിസ്ട്രിക്ട് ആൻഡ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. 15 ന് കേസില്‍ വിശദമായ വാദം കേൾക്കും. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ, അന്തരിച്ച പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് ബത്തേരി പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്. കെ.കെ. ഗോപിനാഥൻ ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇന്നലെയാണ് ആത്മഹത്യ പ്രേരണയ്ക്ക് നാലു പേർക്കെതിരെ കേസെടുത്തത്.
കേസെടുത്തതോടെ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ എന്നിവർ രഹസ്യ സ്ഥലങ്ങളിലേക്ക് മാറിയെന്നാണ് വിവരം. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതിനാൽ ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. അതേസമയം, ഐ.സി. ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ടി.എം. റഷീദ് കോടതിയെ അറിയിച്ചു. പൊലീസ് ഇതുവരെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. സിപിഎം വലിയ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനിടെ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റിനും താത്കാലിക ആശ്വാസമാണ് കോടതി നിർദേശം.