‘വിഭാഗീയത അവസാനിച്ചിട്ടില്ല, പിന്തുണ കിട്ടുമെന്നു കരുതരുത്’: ആലപ്പുഴയിൽ പിണറായിയുടെ മുന്നറിയിപ്പ്
Mail This Article
ആലപ്പുഴ ∙ സിപിഎമ്മിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ആലപ്പുഴയിലെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്നു കരുതരുത്. നഷ്ടപ്പെട്ട വോട്ട് തിരികെ പിടിക്കണമെന്നും പിണറായി പറഞ്ഞു.
‘‘നഷ്ടപ്പെട്ടുപോയ വോട്ട് തിരിച്ചു പിടിക്കാൻ ശക്തമായി പ്രവർത്തിക്കണം. വോട്ട് ചോർന്നതിൽ സംഘടനാപരമായ പരിശോധന നടന്നില്ല. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാൻ ദേശാഭിമാനിയുടെ പ്രചാരണം ഊർജിതമാക്കണം. താഴെത്തട്ടിൽ പരിശോധനകളും വിലയിരുത്തലും നടക്കുന്നതായി കാണുന്നില്ല’’– പിണറായി വിമർശിച്ചു.
ജില്ലാസമ്മേളനത്തിൽ പ്രതിനിധികളോടു മാത്രമായി സംസാരിക്കുമ്പോഴാണു പിണറായി അതൃപ്തി പ്രകടിപ്പിച്ചത്. വിഭാഗീയതയുടെ തുരുത്തുകൾ ആലപ്പുഴ ജില്ലയിൽ ഇനിയും അവശേഷിക്കുന്നു എന്ന പരാമർശം എറണാകുളത്തെ കഴിഞ്ഞ സംസ്ഥാന സമ്മേളന റിപ്പോർട്ടിലുണ്ടായിരുന്നു. ആശയപരമായ ഭിന്നതയേക്കാൾ നേതാക്കളുടെ പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പുകളാണ് ആലപ്പുഴയിലെ വിഭാഗീയതയുടെ പ്രത്യേകത. ഞായറാഴ്ചയാണു സമ്മേളനം സമാപിക്കുക.