സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല; ശിക്ഷ കൂട്ടും; ഭേദഗതി ബില്ലുകളുമായി സ്റ്റാലിൻ
Mail This Article
ചെന്നൈ∙ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നതിന് 2 ഭേദഗതി ബില്ലുകള്‍ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഒരെണ്ണം 1998ലെ നിയമം ശക്തിപ്പെടുത്തുന്നതിനും മറ്റൊന്നു സംസ്ഥാനത്തു ഭാരതീയ ന്യായ് സംഹിതയും ഭാരതീയ നാഗരിക സുരക്ഷ സംഹിതയും ബാധകമാക്കുന്നതിനുമാണ്.
‘‘സ്ത്രീകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണിത്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ സ്ത്രീകളെ ശാക്തീകരിക്കുകയാണു ഡിഎംകെ സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഫലമായി സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം വർധിച്ചു. കൂടുതല്‍ സ്ത്രീകള്‍ ജോലിക്കു പോകുന്നതും സമൂഹത്തിനു കൂടുതല്‍ സംഭാവന നല്‍കുന്നതുമായ സംസ്ഥാനമായി തമിഴ്നാട് വളരുകയാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പാക്കും’’– സ്റ്റാലിൻ സഭയിൽ വ്യക്തമാക്കി.
ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സ്ത്രീകളെ ഉപദ്രവിച്ചാൽ, ആദ്യത്തെ കുറ്റത്തിന് 5 വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുന്നതിനാണു ഭേദഗതി ലക്ഷ്യമിടുന്നത്. നിലവില്‍ 3 വര്‍ഷം തടവും 10,000 രൂപ പിഴയുമാണു ശിക്ഷ. ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യങ്ങളിൽ മരണം സംഭവിക്കുന്ന കേസിൽ നിലവില്‍ ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. ഭേദഗതിയിലൂടെ പിഴ 2 ലക്ഷം രൂപയായി ഉയരും. ഉദ്ദേശ്യമില്ലാതെയോ അശ്രദ്ധ മൂലമോ സംഭവിക്കുന്ന മരണങ്ങളില്‍ 5 വര്‍ഷം കൂടി തടവ് വർധിപ്പിച്ച് 15 വര്‍ഷമാക്കും. ഈ സര്‍ക്കാരിന്റെ കാലയളവിൽ 86 ശതമാനം കേസുകളിലും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്തിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.