ബോബി ജയിലിൽ തുടരും; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞു, ആളിപ്പടർന്ന് ലൊസാഞ്ചലസിലെ കാട്ടുതീ, പ്രധാനവാർത്തകൾ വായിക്കാം
Mail This Article
എൻഎം വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടയൽ, ട്രംപിന്റെ അപേക്ഷ കോടതി തള്ളി, ബോബി ചെമ്മണ്ണൂർ കേസ്, മാമി തിരോധാന കേസ്, ലൊസാഞ്ചലസിലെ കാട്ടുതീ എന്നിവയായിരുന്നു ഇന്ന് ചർച്ചയായ പ്രധാനവാർത്തകളിൽ ചിലത്. പ്രധാനവാർത്തകള്‍ വിശദമായി വായിക്കാം.
ലൊസാഞ്ചലസിലെ കാട്ടുതീ കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി.
ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റേയും മുൻകൂർ ജാമ്യാപേക്ഷ 15ന് പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകി. ഡിസ്ട്രിക്ട് ആൻഡ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.
ദുരൂഹ സാഹചര്യത്തില്‍ 2023ൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ സുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉച്ചയോടെ ഗുരുവായൂർ പൊലീസ് ഇരുവരെയും കണ്ടെത്തി നടക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.
കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ഹഷ് മണി കേസിൽ വിധി പറയുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. ഇതോടെ കേസിൽ ഇന്ന് അദ്ദേഹത്തിന് ശിക്ഷ വിധിക്കാനുള്ള വഴിയൊരുങ്ങി. ഒമ്പത് സുപ്രീം കോടതി ജഡ്ജിമാരിൽ 5 പേരും ട്രംപിന്റെ അപേക്ഷയെ എതിർത്തു.