ഹഷ് മണി കേസ്: വിധി പറയുന്നത് നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി, ഇന്ന് നിർണായകം
![story-of-porn-star-stormy-daniels-and-her-alleged-tryst-with-donald-trump ഡോണൾഡ് ട്രംപ്, സ്റ്റോമി ഡാനിയേൽസ് (Photos by MANDEL NGAN and Ethan Miller / various sources / AFP)](https://img-mm.manoramaonline.com/content/dam/mm/mo/opinion/k-obeidulla/images/2023/4/3/story-of-porn-star-stormy-daniels-and-her-alleged-tryst-with-donald-trump.jpg?w=1120&h=583)
Mail This Article
വാഷിങ്ടൺ ∙ ഹഷ് മണി കേസിൽ വിധി പറയുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. ഇതോടെ കേസിൽ ഇന്ന് അദ്ദേഹത്തിന് ശിക്ഷ വിധിക്കാനുള്ള വഴിയൊരുങ്ങി. ഒമ്പത് സുപ്രീം കോടതി ജഡ്ജിമാരിൽ 5 പേരും ട്രംപിന്റെ അപേക്ഷയെ എതിർത്തു. ന്യൂയോർക്ക് കോടതി ട്രംപിന്റെ ശിക്ഷാവിധി വൈകിപ്പിക്കാൻ വിസമ്മതിച്ചതിനു മണിക്കൂറുകൾക്ക് പിന്നാലെയാണ് സുപ്രീം കോടതിയുടെയും തീരുമാനം.
പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്കു പണം നൽകിയെന്നതാണു ഹഷ് മണി കേസ്. ഫ്ലോറിഡയിലെ തന്റെ സ്വകാര്യവസതിയിലുള്ള ട്രംപ് വെർച്വലായാകും ഹാജരാവുക. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയിൽശിക്ഷ വിധിക്കാൻ താൽപര്യമില്ലെന്നു ന്യൂയോർക്ക് കോടതി പറഞ്ഞിരുന്നു. നിയമപ്രകാരം ട്രംപിനു 4 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. എന്നാൽ നിയുക്ത പ്രസിഡന്റായതിനാൽ ശിക്ഷയിൽ ഇളവുണ്ടാകുമെന്നു നിയമവിദഗ്ധർ പറഞ്ഞു. കേസിൽ എന്തു നടപടിയെടുത്താലും ക്രിമിനൽ കുറ്റകൃത്യത്തിന് (ഫെലണി ക്രൈം) വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റാകും ട്രംപ്.
ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണു കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയത്. 2006ൽ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി കോടതിയിൽ വ്യക്തമാക്കിയിരുന്നു.