അഴിമതിക്കാരെ കുടുക്കാൻ ഫോണ്‍ ചോര്‍ത്താൻ സൗകര്യം വേണം; കത്തു നൽകി വിജിലന്‍സ്
Mail This Article
തിരുവനന്തപുരം ∙ ഫോണ്‍ ചോര്‍ത്തലിനു വിജിലന്‍സ് കൂടി സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത. അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം. നിലവില്‍ ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ക്രൈംബ്രാഞ്ചിന്റെ സഹായം തേടണം. ഈ സമയത്തു വിവരങ്ങള്‍ ചോര്‍ന്നു പോകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു വിജിലന്‍സിനു നേരിട്ടു ഫോണ്‍ ചോര്‍ത്തലിനുള്ള അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നല്‍കിയിരിക്കുന്നതെന്ന് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലിനുള്ള മാനദണ്ഡങ്ങള്‍
2023ലെ ഇന്ത്യന്‍ ടെലി കമ്യൂണിക്കേഷന്‍ നിയമം സെക്ഷന്‍ 20, 1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമം സെക്ഷന്‍ 5(2), 2007 ലെ ഇന്ത്യന്‍ ടെലഗ്രാഫ് റൂള്‍സ് സെക്ഷന്‍ 419 (A), 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം (ഭേദഗതി 2008) സെക്ഷന്‍ 69 എന്നിവ പ്രകാരം ഏതെങ്കിലും പൊതു അടിയന്തരാവസ്ഥ, പൊതുസുരക്ഷയുടെ താല്പര്യം, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും,സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം അല്ലെങ്കില്‍ പൊതുക്രമം അല്ലെങ്കില്‍ ഒരു കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് വേണ്ടി അങ്ങനെ ചെയ്യേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ ഫോണ്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കാം.
ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഫോണ്‍ ചോര്‍ത്താനായി ആഭ്യന്തര വകുപ്പ് സെക്രട്ടറിയില്‍നിന്ന് അനുമതി വാങ്ങണം. അനുവാദം നേടിയ ശേഷം നിയമപരമായി അത്തരം വ്യക്തികളുടെ ഫോണ്‍ നിരീക്ഷിക്കാന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ ഫോണ്‍ സംഭാഷണം പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ 7 ദിവസത്തേക്കു നിരീക്ഷിക്കാം. അടുത്ത ഏഴ് ദിവസത്തിനകം അനുമതി നേടുകയും വേണം. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയാല്‍ 2023ലെ ടെലികമ്യൂണിക്കേഷന്‍സ് നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവോ രണ്ടു കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.