ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു; അബദ്ധത്തിൽ സംഭവിച്ചതെന്ന് നിഗമനം
Mail This Article
ചണ്ഡിഗഡ് ∙ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സി വെടിയേറ്റു മരിച്ചു.അദ്ദേഹത്തെ അർധരാത്രി 12 മണിയോടെ കുടുംബാംഗങ്ങൾ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരണം വ്യക്തമല്ല. എഎപി ജില്ലാ പ്രസിഡന്റ് ശരൺപാൽ സിങ് മക്കറും പൊലീസ് കമ്മിഷണർ കുൽദീപ് സിങ് ചാഹലും മരണം സ്ഥിരീകരിച്ചു. എംഎൽഎ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുമെന്ന് കമ്മിഷണർ കുൽദീപ് സിങ് പറഞ്ഞു.
2022ൽ എഎപിയിൽ ചേർന്ന ഗുർപ്രീത്, ലുധിയാന (വെസ്റ്റ്) മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ഇന്ദർജിത് സിങ്ങിനോട് പരാജയപ്പെടുകയായിരുന്നു.
സ്പീക്കർ കുൽതാർ സിങ് സാന്ധവാനുമായി ഗുർപ്രീത് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാചിൻ ഷീറ്റ്‌ല മാതാ മന്ദിറും വെള്ളിയാഴ്ച അദ്ദേഹം സന്ദർശിച്ചിരുന്നു. രണ്ടു ദിവസം മുൻപ് ക്ഷേത്രത്തിൽ നിന്ന് വെള്ളി മോഷ്ടിച്ച മോഷ്ടാക്കളുടെ സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് ഭക്തർക്ക് ഉറപ്പു നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിനുപിന്നാലെയാണ് ഗുർപ്രീത് വെടിയേറ്റു മരിച്ചുവെന്ന വാർത്ത പുറംലോകം അറിയുന്നത്.