ADVERTISEMENT

ആലുവ∙ വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും എട്ടരലക്ഷം രൂപയും കവർന്ന കേസിൽ ട്വിസ്റ്റ്. കവർച്ചയ്ക്ക് പിന്നിൽ ഗൃഹനാഥ തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വീട്ടിൽ അപകടമരണം സംഭവിക്കുമെന്ന് ഭയപ്പെടുത്തിയ മന്ത്രവാദിയുടെ വാക്കുവിശ്വസിച്ചാണ് ഗൃഹനാഥ കവർച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃശൂർ ചിറമങ്ങാട് സ്വദേശി അൻവർ അറസ്റ്റിലായി.

ജനുവരി ആറിനാണ് ആലുവയിലെ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ മോഷണം നടന്നത്. പകൽ വീടിന്റെ പൂട്ടുപൊളിച്ച് 40 പവനും പണവും കവർന്നുവെന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം അന്വേഷണം നടത്തി. പൊലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ വീട്ടിൽ നടന്നത് കവർച്ചാനാടകമാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. തുടർന്ന് നടന്ന ചോദ്യംചെയ്യലിലാണ് ആഭിചാരക്രിയകൾ ചെയ്യുന്ന അൻവറിന്റെ നിർദേശം അനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് ഗൃഹനാഥ പൊലീസിനോട് സമ്മതിച്ചത്. ഭർത്താവിനും മക്കൾക്കും അപകടമരണം ഉണ്ടാകുമെന്നും അതിന് പരിഹാരം ചെയ്യണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അൻവർ പലതവണകളായി പണവും സ്വർണവും കൈപ്പറ്റുകയായിരുന്നു. പിന്നീട് ഇവ ആർക്കു നൽകിയെന്ന് മനസ്സിലാകാതിരിക്കാൻ കവർച്ചാനാടകം സൃഷ്ടിക്കുകയായിരുന്നു. അൻവറിന്റെ നിർദേശപ്രകാരം ഗൃഹനാഥ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിക്കുകയും അകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട് മോഷണം നടന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു. 

രണ്ടുവർഷം മുമ്പാണ് ബന്ധു മുഖാന്തിരം ഗൃഹനാഥ അൻവറിനെ കാണാനെത്തുന്നത്. പഴയകെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്ന ഇബ്രാഹിംകുട്ടിയുടെ പക്കൽ പണമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ അൻവർ തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. പണവും സ്വർണവും വീട്ടിലിരുന്നാൽ ആഭിചാരക്രിയകൾ ഫലിക്കില്ലെന്നും പ്രതികൂല ഫലമുണ്ടാക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ഗൃഹനാഥയെ കബളിപ്പിച്ചത്.

English Summary:

Aluva House Robbery: Homeowner staged burglary, Police investigation reveals black magic connection leading to arrest of sorcerer Anwar in Thrissur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com