മുൻ എംഎൽഎ മേയറാകുമോ? കെപിസിസി ഭാരവാഹികൾ മൽസരിക്കും; കോൺഗ്രസ് ടാസ്ക് ഫോഴ്സ് തിരുവനന്തപുരത്തേക്ക്
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തും കോൺഗ്രസിനു ബാലികേറാമലയായ തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ വൻ പദ്ധതികളുമായി കോൺഗ്രസ്. സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശസ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം കോർപറേഷനിലേക്ക് മുൻ എംഎൽഎമാരും കെപിസിസി ഭാരവാഹികളുമടക്കമുള്ള നേതാക്കളെ മത്സരിപ്പിക്കാൻ ഇന്നലെ ചേർന്ന ജില്ലാ നേതൃയോഗത്തിൽ തീരുമാനമായി. ഇതോടെ പല അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാർഥികളാകും. ജനസമ്മതിയുള്ള യുവാക്കളെയും വനിതകളെയും മത്സരിപ്പിക്കും. വി.എസ്.ശിവകുമാർ, കെ.മോഹൻ കുമാർ, കെ.എസ്.ശബരീനാഥൻ, ശരത്ചന്ദ്ര പ്രസാദ് എന്നിവരാണ് നഗരത്തിൽ സജീവമായ മുൻ കോൺഗ്രസ് എംഎൽഎമാർ.
ആരുടെയും പേരുകൾ സജീവമായി ചർച്ച ചെയ്തില്ലെങ്കിലും, മൽസരിക്കണമെന്ന് മുതിർന്ന നേതാക്കളോട് ആവശ്യപ്പെടാൻ ധാരണയായതായി ഡിസിസി പ്രസിഡന്റ് പാലോട് രവി മനോരമ ഓൺലൈനിനോടു സ്ഥിരീകരിച്ചു. ഇതോടെ മേയർ സ്ഥാനാർഥിയെ തീരുമാനിച്ചാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുകയെന്നത് ഉറപ്പായി.
എഐസിസി സെക്രട്ടറി അറിവഴകന്റെ നേതൃത്വത്തിലായിരുന്നു 6 മണിക്കൂർ നീണ്ട ജില്ലാ നേതൃയോഗം. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ, കെ.മുരളീധരൻ, എം.എം.ഹസൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. അറിയപ്പെടുന്ന 10 നേതാക്കളെയെങ്കിലും സ്ഥാനാർഥികളാകാൻ കണ്ടെത്തണമെന്നു തീരുമാനിച്ചിട്ടുണ്ട്. വാർഡുകളിലെ സാമുദായിക സന്തുലനം മനസ്സിലാക്കാനുള്ള വിവരശേഖരണവും ആരംഭിച്ചു. ഈ കണക്കുകളും സ്ഥാനാർഥി നിർണയത്തിൽ മുഖ്യഘടകമാകും.
കെപിസിസി ആഹ്വാന പ്രകാരം ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളോടെ വാർഡ് കമ്മിറ്റികൾ സജീവമാക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിനു മുന്നോടിയായി കോർപറേഷൻ ഭരണത്തിനെതിരെ കുറ്റപത്രവുമായി നേതാക്കൾ ഭവന സന്ദർശനം നടത്തും. മുൻ എംഎൽഎ കെ.മോഹൻ കുമാർ ചെയർമാനും പി.കെ.വേണുഗോപാൽ കൺവീനറുമായ സമിതിയാണ് കുറ്റപത്രം തയാറാക്കുക. പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനകീയ സമരങ്ങൾക്കു നേതൃത്വം നൽകാനും തീരുമാനമായി. തുടർച്ചയായി നടക്കുന്ന സമരങ്ങൾക്കായി സമരസമിതി രൂപീകരിക്കും. മുൻ മന്ത്രി വി.എസ്.ശിവകുമാറാണ് സമരസമിതി ചെയർമാൻ. കോർപറേഷനിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ എന്തൊക്കെ പദ്ധതികൾ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുന്ന പ്രകടന പത്രിക തയാറാക്കുന്നത് എം. വിൻസന്റ് എംഎൽഎ ചെയർമാനും ശബരീനാഥൻ കൺവീനറുമായ സമിതിയാണ്. ഇതിന്റെ മേൽനോട്ടം ശശി തരൂർ എംപിക്കാണ്. കോർപറേഷനിലെ എല്ലാ വാർഡുകളിലും മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ ഈ മാസം തന്നെ വിളിച്ചുകൂട്ടാനും ധാരണയായി.