‘സിപിഎമ്മിന്റെ തണലിൽ വളരുന്ന സിപിഐ പ്രതിസന്ധിഘട്ടത്തിൽ തള്ളിപ്പറയുന്നു, തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുത്’

Mail This Article
ആലപ്പുഴ ∙ തോമസ് കെ. തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ആവശ്യം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു. ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം. കുട്ടനാടിനെ കുറിച്ചും കേരളത്തെ കുറിച്ചും ഒരു ധാരണയുമില്ലാത്ത ആളാണ് തോമസ് കെ. തോമസ്. സർക്കാർ വികസന പദ്ധതികൾ ഫോളോ അപ്പ് ചെയ്യാത്ത ആളാണ് തോമസ് കെ.തോമസെന്നും പ്രിതിനിധികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും സാന്നിധ്യത്തിലാണ് പ്രതിനിധികളുടെ വിമർശനം.
സിപിഐക്കെതിരെയും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ തണലിൽ വളരുകയും പ്രതിസന്ധി ഘട്ടത്തിൽ സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്യുന്നതാണ് സിപിഐയുടെ രീതി. ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള സിപിഐ ഭരിക്കുന്ന വകുപ്പുകളുടെ പ്രവർത്തന വൈകല്യത്തിന്റെ പേരിൽ സർക്കാരിനാകെ പഴി കേൾക്കേണ്ടി വരുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ യു. പ്രതിഭ വിമർശനം ഉന്നയിച്ചു. വസ്തുതകൾ മാധ്യമങ്ങൾ വളച്ചൊടിക്കുന്നുവെന്നും ചില മാധ്യമങ്ങൾക്ക് പ്രത്യേക ലക്ഷ്യങ്ങളാണെന്നും പ്രതിഭ പറഞ്ഞു. കോർപറേറ്റ് മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുകയാണെന്നും പ്രതിഭ സമ്മേളനത്തിൽ പറഞ്ഞു.