ADVERTISEMENT

കൊച്ചി ∙ വൈദികരെ ബലപ്രയോഗത്തിലൂടെ ബിഷപ്സ് ഹൗസിൽ നിന്നു പുറത്താക്കിയതിനെത്തുടർന്ന് എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിൽ മണിക്കൂറുകളോളം സംഘർഷം. ബിഷപ്സ് ഹൗസിൽ നിന്നു വൈദികരെ പൊലീസ് വലിച്ചിഴച്ചുവെന്നും ഉടുപ്പു വലിച്ചുകീറിയെന്നും വിശ്വാസികൾ ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ബിഷപ്സ് ഹൗസിനു മുന്നിലേക്കു വൈദികരും നൂറുകണക്കിനു വിശ്വാസികളും എത്തിയതോടെ സംഘർഷ സാധ്യത രൂക്ഷമായി. പൊലീസ് നടപടിയിൽ 10 വൈദികർക്കു പരുക്കേറ്റു. ലിസി ആശുപത്രിയിൽ നിന്നു ഡോക്ടർമാരുടെ സംഘം എത്തി ഇവർക്കു പ്രാഥമിക ശുശ്രൂഷ നൽകി.

വൈദികർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ വിശ്വാസികളും വൈദികരും പ്രകടനം നടത്തി ബിഷപ്സ് ഹൗസിനുള്ളിലേക്കു കയറാൻ ശ്രമിച്ചു. കയർ കെട്ടി വലിച്ച് ബിഷപ്സ് ഹൗസിന്റെ ഗേറ്റിന്റെ ഒരു ഭാഗം പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് കയർകെട്ടി തടഞ്ഞു. തഹസിൽദാർ ചർച്ചയ്ക്കു വന്നെങ്കിലും സമരക്കാർ തയാറായില്ല. സംഘർഷം രൂക്ഷമായതോടെ ഡിസിപിയും എഡിഎമ്മും സ്ഥലത്തെത്തി ഇരു പ്രതിഷേധക്കാരും കൂരിയ അംഗങ്ങളുമായും ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല.

ഈ സമയമത്രയും പരുക്കേറ്റ വൈദികർ ബസിലിക്കയ്ക്കു മുന്നിൽ സമരം തുടർന്നു. വൈകിട്ടും പ്രതിഷേധത്തിനും സംഘർഷത്തിനും അയവുണ്ടായിട്ടില്ല. പുലർച്ചെ ബിഷപ്സ് ഹൗസിൽ നിന്ന് പ്രതിഷേധക്കാരായ 21 വൈദികരെ പൊലീസ് ബലം പ്രയോഗിച്ചു പുറത്താക്കിയെങ്കിലും വൈകിട്ട് ഏഴരയോടെ നൂറോളം വൈദികരും അൽമായരും ബിഷപ് ഹൗസിനുള്ളിൽ കയറി പ്രതിഷേധം ആരംഭിച്ചു. സ്ഥിതി സംഘർഷ ഭരിതമായി തുടരുകയാണ്.

അതിനിടെ, അതിരൂപത ആസ്ഥാനത്തു അതിക്രമിച്ചു കയറി സമരവേദിയാക്കിയെന്നാരോപിച്ച് 6 വൈദികരെ സസ്പെൻഡ് ചെയ്തു. 15 പേർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകി. അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും സിറോ മലബാർ സിനഡ് മുന്നറിയിപ്പു നൽകിയിട്ടും സമരം തുടർന്നതിനാണു നടപടി. വൈദികരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ ഇവർക്കു വിലക്കും ഏർപ്പെടുത്തി. ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ജെറി ഞാളിയത്ത്, ഫാ.സണ്ണി കളപ്പുരയ്ക്കൽ, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. അലക്സ് കരീമഠം എന്നിവരെയാണു സസ്പൻഡ് ചെയ്തത്. 

സസ്പെൻഷൻ കാലത്ത് ഇവർ ചുമതല വഹിക്കുന്ന ഇടവകകളിലോ സ്ഥാപനങ്ങളിലോ തുടരാനാവില്ല. പരസ്യ കുർബാനയും കൂദാശകളും വിലക്കി. മറ്റു പള്ളികളിൽ തിരുനാളിനോ വിവാഹം തുടങ്ങിയ ചടങ്ങുകളിലോ സഹകാർമികരാകാനും വിലക്കുണ്ട്. താമസിക്കാൻ നിർദേശിച്ച സ്ഥലത്തു മാത്രമേ ഇവർ താമസിക്കാൻ പാടുള്ളു എന്നും നിർദേശമുണ്ട്.

വൈദികരായ ജോസ് ചോലിക്കര, വർഗീസ് ചെരപ്പറമ്പൻ, ജോയി പ്ലാക്കൽ, സാജു കോരൻ, ഷെറിൻ പുത്തൻപുരയ്ക്കൽ, സ്റ്റെനി കുന്നേക്കാടൻ, ജയിംസ് പനവേലി, അസിൻ തൈപ്പറമ്പിൽ, ബാബു കളത്തിൽ, ജിതിൻ കവാലിപ്പാടൻ, ടോം മുള്ളൻചിറ, അലക്സ് മേക്കാംതുരുത്തി, ബിനു പാണാട്ട്, ജോസ് വടക്കൻ, അഖിൻ മേനാച്ചേരി എന്നിവർക്കാണു കാരണം കാണിക്കൽ നോട്ടിസ്. 7 ദിവസത്തിനകം ഇവർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂരിയ അംഗങ്ങളെ തടഞ്ഞുവച്ച് ബഹളംവച്ചും പുലഭ്യം പറഞ്ഞും വൈദികർക്കു നിരക്കാത്ത വിധം പെരുമാറിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അതിരൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു.

English Summary:

Ernakulam-Angamaly Archdiocese: witnessed intense protests following the forceful eviction of priests from the Bishop's House.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com