ഹൃദയത്തിനായി ഒരുമിച്ച് ഓടാം; ‘ഹൃദയപൂർവം’ കൂട്ടയോട്ടം ഞായറാഴ്ച എല്ലാ ജില്ലകളിലും
Mail This Article
മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടം ഇന്ന് എല്ലാ ജില്ലകളിലും നടക്കും. കർമോത്സുകതയ്ക്കു ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കാനാണു കൂട്ടയോട്ടം. രാവിലെ ആറരയ്ക്കു തുടങ്ങുന്ന, അഞ്ചു കിലോമീറ്റർ നീളുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. നിർധന കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കു പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മനോരമ 1999 ൽ ആരംഭിച്ച പദ്ധതിയാണ് ഹൃദയപൂർവം. രജതജൂബിലി ആഘോഷം 13നു കോട്ടയത്ത് നടക്കും. സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.
∙ തിരുവനന്തപുരത്ത് കവടിയാർ കൊട്ടാരത്തിനു മുന്നിൽനിന്ന് രാവിലെ 6.30ന് കൂട്ടയോട്ടം ആരംഭിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളയമ്പലം സ്ക്വയർ ചുറ്റി കനകക്കുന്നിൽ സമാപിക്കും.
∙ കൊല്ലത്ത് രാവിലെ 6.30 നു കടപ്പാക്കടയിലെ മലയാള മനോരമ ഓഫിസ് അങ്കണത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ ഓവർബ്രിജ്, കർബല ജംക്‌ഷൻ, റെയിൽവേ സ്റ്റേഷൻ, ചിന്നക്കട, ശങ്കേഴ്സ് ജംക്‌ഷൻ, കടപ്പാക്കട വഴി 5 കിലോമീറ്ററോളം പിന്നിട്ടു മനോരമ അങ്കണത്തിൽ സമാപിക്കും.
∙ പത്തനംതിട്ടയിൽ മലയാള മനോരമ ഓഫിസിൽ രാവിലെ 6.30ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. സ്റ്റേഡിയം ജംക്‌ഷൻ വഴി സെന്റ് പീറ്റേഴ്സിലെത്തി അവിടെ നിന്ന് ജനറൽ ആശുപത്രി വഴി സെൻട്രൽ ജംക്‌ഷനിലേക്ക്. തുടർന്ന് അബാൻ ജംക്‌ഷനിലെത്തി മലയാള മനോരമ ഓഫിസിൽത്തന്നെ സമാപിക്കും.
∙ ആലപ്പുഴയിൽ രാവിലെ 6നു കളപ്പുര മലയാള മനോരമ ഓഫിസ് അങ്കണത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. കൊമ്മാടി പാലം, എസി കനാൽ റോഡ്, മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം ശവക്കോട്ട പാലം വഴി തിരികെ മനോരമ ഓഫിസ് വരെയാണു കൂട്ടയോട്ടം.
∙ കോട്ടയത്ത് രാവിലെ 6.30നു നെഹ്റു സ്റ്റേഡിയത്തിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ സ്റ്റേഷനു മുന്നിലൂടെ ഗുഡ്ഷെപ്പേഡ് റോഡ്, മനോരമ ജംക്‌ഷൻ വഴി തിരുനക്കര എത്തി വൈഡബ്ല്യുസിഎ വഴി നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും.
∙ തൊടുപുഴയിൽ രാവിലെ 6.30നു തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നിന്നു കൂട്ടയോട്ടം ആരംഭിക്കും. 5 കിലോമീറ്ററാണു ദൂരം. നാലുവരിപ്പാതവഴി, വെങ്ങല്ലൂർ ഷാപ്പുംപടി, മൂവാറ്റുപുഴ–തൊടുപുഴ റോഡിലൂടെ, ടെലിഫോൺ എക്സ്ചേഞ്ച് ജംക്‌ഷൻ, മാർക്കറ്റ് റോഡ് വഴി മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ സമാപിക്കും.
∙ കൊച്ചിയിൽ രാവിലെ 6.30 നു പനമ്പളളിനഗർ മലയാള മനോരമ ഓഫിസിൽനിന്ന് കൂട്ടയോട്ടം ആരംഭിക്കും. അർജുന അവാർഡ് ജേതാവും ദേശീയ ബാഡ്മിന്റൺ താരവുമായ ജോർജ് തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. ശിഹാബ് തങ്ങൾ റോഡിലെ വോക് വേ വരെയാണ് കൂട്ടയോട്ടം.
∙ തൃശൂരിൽ ഇക്കണ്ടവാരിയർ റോഡിലെ മലയാള മനോരമ ഓഫിസിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. ശക്തൻ നഗർ, എംഒ റോഡ്, സ്വരാജ് റൗണ്ട്, ജില്ലാ ജനറൽ ആശുപത്രി ജംക്‌ഷൻ, സെന്റ് തോമസ് കോളജ് റോഡ്, കിഴക്കേകോട്ട ജംക്‌ഷൻ, ജൂബിലി റൗണ്ട് എബൗട്ട് വഴി ഇക്കണ്ട വാരിയർ റോഡിലെ മനോരമ ഓഫിസിൽ സമാപിക്കും.
∙ പാലക്കാട്ട് രാവിലെ 6.15ന്, പാലക്കാട് മോയൻ സ്കൂൾ ജംക്‌ഷനിൽ ഒളിംപ്യൻ പ്രീജ ശ്രീധരൻ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യും. കേരള അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷനാകും. സുൽത്താൻപേട്ട, സ്റ്റേഡിയം സ്റ്റാൻഡ്, കോട്ടമൈതാനം, മിഷൻ സ്കൂൾ വഴി മലയാള മനോരമ ഓഫിസിൽ സമാപനം. കൂട്ടയോട്ടത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പാലക്കാട് യൂണിറ്റ് ഫുഡ് പാർട്ണറും പാലക്കാട് തങ്കം ആശുപത്രി മെഡിക്കൽ പാർട്ണറുമാണ്.
∙ മലപ്പുറത്ത് രാവിലെ 6.30ന് മാനത്തുമംഗലം നമ്പ്യാറപ്പടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഫ്ലാഗ് ഓഫ് ചെയ്യും. ഷിഫ ജംക്‌ഷൻ വരെ ഓടി തിരിച്ച് നമ്പ്യാറപ്പടിയിൽ തന്നെ സമാപിക്കും.കൂട്ടയോട്ടത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയുടെ മെഡിക്കൽ സേവനമുണ്ടാകും. 2 ആംബുലൻസ്, ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന മെഡിക്കൽ ടീം ഇതിനായി പ്രവർത്തിക്കും. ഓട്ടം പൂർത്തിയാക്കുന്നവർക്ക് എനർജി ഡ്രിങ്ക്, കട്ട് ഫ്രൂട്ട് പാക്കറ്റ് എന്നിവ നൽകും. സൗജന്യ പ്രമേഹ പരിശോധനയുമുണ്ടാകും.
∙ കോഴിക്കോട്ട് ബീച്ച് റോഡിൽ ബീച്ച് ഹോട്ടലിനു മുൻവശത്ത് രാവിലെ 6.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപം കാമ്പുറം ഭാഗത്തു നിന്നു തിരിഞ്ഞ് തിരികെ ബീച്ച് ഹോട്ടലിനു മുന്നിൽ തന്നെ അവസാനിക്കും.
∙ കൽപറ്റയിൽ കൽപറ്റ യെസ് ഭാരതിനു മുൻവശത്ത് രാവിലെ 6.30ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഫ്ലാഗ് ഓഫ് ചെയ്യും. ആനപ്പാലം, മുണ്ടേരി, വെയർഹൗസ് റോഡ് വഴി പിണങ്ങോട് ജംക്‌ഷനിലൂടെ യെസ് ഭാരതിനു മുന്നിൽ തന്നെ അവസാനിക്കും. ജില്ലാ ഒളിംപിക് അസോസിയേഷൻ, വയനാട് ഫെസ്റ്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് പരിപാടി.
∙ കണ്ണൂരിൽ രാവിലെ 6.30നു സ്റ്റേഡിയം കോർണറിൽ മുൻ രാജ്യാന്തര അത്‌ലീറ്റും സാഫ് ഗെയിംസ് മെഡലിസ്റ്റുമായ കെ.എം.ഗ്രീഷ്മ ഫ്ലാഗ്ഓഫ് ചെയ്യും. താവക്കര, പുതിയ ബസ് സ്റ്റാൻഡ്, ഫോർട്ട് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് വഴി സ്റ്റേഡിയം കോർണറിൽത്തന്നെ സമാപിക്കും. അവസാന 100 മീറ്ററിൽ ജില്ലയിൽ നിന്നുള്ള പ്രമുഖരും അണിനിരക്കും. റജിസ്റ്റർ ചെയ്ത വായനക്കാർക്കു പുറമേ കണ്ണൂർ സ്പോർട്സ് സ്കൂൾ, സായ് തലശ്ശേരി, കാനന്നൂർ സൈക്ലിങ് ക്ലബ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കണ്ണൂർ ബീച്ച് റൺ ടീം, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി(ഫെറ), ബാലജനസഖ്യം എന്നിവയുടെ പ്രതിനിധികളും കൂട്ടയോട്ടത്തിൽ പങ്കെടുക്കും. കണ്ണൂർ ആസ്റ്റർ മിംസ്, യുനോമെഡ് ലാബ് താണ, ബേക്ക് സ്റ്റോറി എന്നിവയും പരിപാടിയുടെ നടത്തിപ്പിനു സഹകരിക്കുന്നു.
∙ കാസർകോട്ട് രാവിലെ 6.30ന് എംജി റോഡ് മലയാള മനോരമ ഓഫിസിനു സമീപം കാസർകോട് അഡീഷനൽ എസ്പി പി.ബാലകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്യും. ചന്ദ്രഗിരി ജംക്‌ഷൻ, പഴയ ബസ് സ്റ്റാൻഡ്, പള്ളം ട്രാഫിക് ജംക്‌ഷൻ, മല്ലികാർജുന ക്ഷേത്രം, കെഎസ്ആർടിസി, കെപിആർ റാവു റോഡ്, ഹെഡ് പോസ്റ്റോഫിസ്, ചന്ദ്രഗിരി ജംക്‌ഷൻ, പുതിയ ബസ് സ്റ്റാൻഡ് സർക്കിൾ വഴി മനോരമ ഓഫിസിനു സമീപം സമാപിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ സമാപന ചടങ്ങിൽ പങ്കെടുക്കും. റജിസ്റ്റർ ചെയ്ത വായനക്കാർക്കു പുറമേ തളങ്കര വാമോസ് മോണിങ് വർക്കൗട്ട് കൂട്ടായ്മ, ജില്ലാ സ്പോർട്സ് കൗൺസിൽ, ചന്ദ്രഗിരി ലയൺസ് ക്ലബ്, മാലിക് ദിനാർ സ്കൂൾ ഓഫ് നഴ്സിങ് ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികളും കൂട്ടയോട്ടത്തിൽ പങ്കെടുക്കും.