എൻ.എം.വിജയന്റെ മകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിർദേശിച്ചിട്ടില്ല: ഐ.സി. ബാലകൃഷ്ണന്റെ പുതിയ വിഡിയോ

Mail This Article
ബത്തേരി∙ എൻ.എം.വിജയന്റെ മകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ ഡിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് നൂൽപ്പുഴ മണ്ഡലം പ്രസിഡന്റായിരുന്ന കെ.വി. ബാലകൃഷ്ണന്റെ മകൾക്ക് അർബൻ ബാങ്കിൽ ജോലി നൽകണമെന്നറിയിച്ച് കത്തു നൽകി. ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവുണ്ടായിട്ടും അർബൻ ബാങ്കിൽ ജോലി ലഭിക്കാതെ വന്നതോടെയാണ് ബാലകൃഷ്ണൻ തന്നെ സമീപിച്ചത്.
ഇതേത്തുടർന്നാണ് കത്തു നൽകിയത്. എന്നാൽ താൻ കത്തു നൽകിയിട്ടും ജോലി നൽകിയില്ല. തുടർന്ന് ബാലകൃഷ്ണൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകുകയും ചെയ്തു. എൻ.എം.വിജയന്റെ മകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നോ ജോലി കൊടുക്കരുതെന്നോ ഒരു ഘട്ടത്തിലും ആരോടും പറഞ്ഞിട്ടില്ലെന്നും ഐ.സി.ബാലകൃഷ്ൻ പറഞ്ഞു.
ഐ.സി.ബാലകൃഷ്ണൻ നൽകിയ ശുപാർശക്കത്ത് ഇന്നലെയാണ് പുറത്തുവന്നത്. അതേ സമയം, ഐ.സി. ബാലകൃഷ്ണൻ ഇന്നും മണ്ഡലത്തിലെത്തിയില്ല. ഇന്നലെ നൽകിയ വിഡിയോ സന്ദേശത്തിൽ ബെംഗളൂരുവിൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയതാണെന്നാണ് അദ്ദേഹം അറിയിച്ചത്. അടുത്ത ദിവസം തന്നെ മണ്ഡലത്തിൽ എത്തുമെന്നാണ് ഇന്നലത്തെ വിഡിയോ സന്ദേശത്തിൽ അറിയിച്ചത്.
ഐ.സി. ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനു പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശം നൽകിയതോടെയാണ് ഇന്നലെ വിഡിയോ സന്ദേശം നൽകിയത്. ശുപാർശക്കത്ത് പുറത്തുവന്നതോടെയാണ് ഇന്നു വീണ്ടും വിഡിയോയുമായി രംഗത്തെത്തിയത്.