പീഡനം വിഡിയോദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി; പ്ലസ്ടു വിദ്യാർഥിയടക്കം 15 പേർ കൂടി പിടിയിൽ; 2 വാഹനം പിടിച്ചെടുത്തു
Mail This Article
പത്തനംതിട്ട∙ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ശനിയാഴ്ച മാത്രം 15 പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ 20 പേർ അറസ്റ്റിലായി. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമങ്ങൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച അറസ്റ്റിലായവരിൽ 2 പ്ലസ്ടു വിദ്യാർഥികളും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളുമുണ്ട്. പ്ലസ് ടു വിദ്യാർഥികളിലൊരാൾക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല. ഇലവുംതിട്ടയിൽ റജിസ്റ്റർ ചെയ്ത ഒരു കേസിലെ പ്രതി മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്. ഒരാഴ്ച മുൻപു വിവാഹം കഴിഞ്ഞയാളും കേസിൽ പ്രതിയായിട്ടുണ്ട്.
ഷംനാദ് (20), അഫ്സൽ (21), ഇയാളുടെ സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18), സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരും പതിനേഴുകാരനുമാണ് ശനിയാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 5 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി പീഡനം നേരിട്ടെന്നു കുട്ടി ശിശു ക്ഷേമ സമിതിക്കു മുന്നിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 62 പേരോളം കുട്ടിയെ ഉപദ്രവിച്ചെന്നാണു സൂചന. പത്തനംതിട്ട വനിതാ പൊലീസ് അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കുന്നതു തുടരുകയാണ്. മഹിളാ മന്ദിരത്തിൽ കഴിയുന്ന പതിനെട്ടുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്യാനാണു സാധ്യത. പ്രതിപ്പട്ടിക വലുതാകുന്നത് മൊഴിയുടെ അടിസ്ഥാനത്തിലാണ്. രണ്ടു സ്റ്റേഷനുകളിലെ 5 കേസുകളിൽ 14 പേരെയും ശനിയാഴ്ച രാത്രി റാന്നിയിൽനിന്ന് 6 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 3 ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടുന്നു. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടിക്ക് സ്വന്തമായി മൊബൈൽഫോൺ ഇല്ലായിരുന്നു. കുട്ടിയുടെ പിതാവിന്റെ ഫോണിലേക്കാണ് പ്രതികൾ കുട്ടിയെ ബന്ധപ്പെട്ടിരുന്നത്. ഒന്നാം പ്രതി സുബിനാണ് പ്രണയം നടിച്ച് വിദ്യർഥിനിയെ ആദ്യം പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് സുഹൃത്തുക്കൾക്കു പരിചയപ്പെടുത്തിയെന്നും ഇവർ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും കുട്ടി മൊഴി നൽകി.
ഡിസംബർ 8നും 13നും സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയയാക്കി. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് ശനിയാഴ്ച റജിസ്റ്റർ ചെയ്തത്. മൊഴികൾ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ അറിയിച്ചു. പ്രതികളിൽ മിക്കവരെയും വീടുകളിൽ നിന്നാണു പൊലീസ് പിടികൂടിയത്. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.
കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനിടെ, സംഭവത്തിൽ ദേശീയ വനിത കമ്മിഷൻ റിപ്പോർട്ട് തേടി. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.