സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും
Mail This Article
കൊച്ചി∙ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ അറിയിച്ചു.
ഇന്ധനവുമായി പമ്പുകളിലെത്തുന്ന ലോറി ഡ്രൈവർമാർക്ക് ‘ചായക്കാശ്’ എന്ന പേരിൽ ഒരു തുക നൽകുന്ന പതിവ് പണ്ടുമുതൽ നിലനിൽക്കുന്നുണ്ട്. 300 രൂപ വരെയാണ് നിലവിൽ നൽകുന്നത്. ഈ തുകയിൽ വർധന വേണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്തെത്തുകയും ആവശ്യം ഡീലർമാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തർക്കം. ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയിൽ ചർച്ച നടന്നത്. എന്നാൽ ഇതിനിടെ ടാങ്കർ ലോറി ഡ്രൈവർമാർ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.
എന്നാൽ കയ്യേറ്റം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോറി ഡ്രൈവർമാർ പറഞ്ഞു. ചായക്കാശ് ഏകീകൃതമാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും 100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന് ഏകപക്ഷീയമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ലോറി ഡ്രൈവർമാരുടെ പ്രതിനിധികൾ പറഞ്ഞു.