ADVERTISEMENT

കൊച്ചി ∙ വ്യവസായി ബോബി ചെമ്മണൂർ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തിൽ ബോബി മറ്റുള്ളവർക്കെതിരെയും അധിക്ഷേപവും ദ്വയാർഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ, ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പരിഗണിക്കും.

ബോബിയുടെയും അദ്ദേഹം ഉൾപ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ ബോബി ചെമ്മണൂർ ഹണി റോസിനു പുറമെ മറ്റു നടിമാർക്കെതിരെയും യുട്യൂബ് ചാനൽ പരിപാടി നടത്തുന്നവർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട് എന്ന പരാതികൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതൽ കേസുകളെടുക്കാൻ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താൻ പങ്കെടുക്കുന്ന മറ്റ് പരിപാടികളിൽ പോലും പിന്തുടർന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസിൽ നിന്ന് കൂടുതൽ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെൻട്രൽ പൊലീസ് ആലോചിക്കുന്നുണ്ട്. ഇത്തരത്തിൽ പിന്തുടർന്ന് ശല്യം ചെയ്യുന്നത് 3 വർഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 

ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവാഴ്ച പരിഗണിക്കുന്നുണ്ട്. തുടർ അന്വേഷണത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ കൂടി ഹാജരാക്കി ജാമ്യത്തെ എതിർക്കാനാണ് പ്രോസിക്യൂഷൻ ആലോചന. നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാൻഡിൽ വിടുകയുമായിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അടിയന്തര സാഹചര്യമൊന്നും ഇല്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. വ്യാഴാഴ്ച രാത്രി മുതൽ ബോബി ചെമ്മണൂർ കാക്കനാട് ജയിലിലാണ്.

English Summary:

Sexual Assault, Obscene Remarks: Bobby Chemmannur's legal troubles deepen as police investigate further claims of sexual harassment; YouTube videos are being examined for evidence of additional offenses, potentially leading to more charges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com