‘പൊലീസ് വേട്ടയാടുന്നു; പുലർച്ചെ നാല് മണിക്ക് ഗേറ്റ് ചാടി വന്ന് വാതിൽ മുട്ടുന്നു, ഭാര്യയുടെ ഫോൺ പിടിച്ചുവച്ചു’
Mail This Article
കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിന് ശേഷം പൊലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിതും കുടുംബവും. കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ സുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി വിട്ടയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പൊലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.
‘‘മാമിയെ കാണാതായ ശേഷം പൊലീസ് തന്നെയും സുഹൃത്തുക്കളെയും മക്കൾ ഉൾപ്പടെയുള്ളവരെയും വേട്ടയാടുകയാണ്. ഭാര്യയെ പൊലീസ് വിളിപ്പിച്ചു. പത്തു മണി മുതൽ അഞ്ച് മണി വരെ ചോദ്യം ചെയ്തു. മകനെയും ചോദ്യം ചെയ്തു. പുലർച്ചെ നാല് മണിക്ക് ഗേറ്റ് ചാടിക്കടന്ന് വന്നാണ് പൊലീസ് വാതിൽ മുട്ടുന്നത്. ഭാര്യയുടെ ഫോൺ പൊലീസ് വാങ്ങിവച്ചു. പൊലീസ് ചോദിക്കുന്ന പല കാര്യങ്ങളും തനിക്കറിയില്ല.’’ – രജിത് പറഞ്ഞു.
മാമിയേയും കൂട്ടി ബിസിനസ് ആവശ്യങ്ങൾക്കായി പല സ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ മാമിയെ കാണാതായ ദിവസം മണിക്കൂറുകൾക്കുള്ളിൽ തന്നെ കുടുംബം പരാതി നൽകി. ഇതിൽ അസ്വാഭാവികത ഉണ്ടെന്നും രജിത് ആരോപിച്ചു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവർ എലത്തൂർ സ്വദേശി രജിത് കുമാർ, ഭാര്യ സുഷാര എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് രജിതിനെയും സുഷാരയേയും കാണാനില്ലെന്നറിയിച്ച് സുഷാരയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.