എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം; മാർ ജോസഫ് പാംപ്ലാനി മേജർ ആർച്ച് ബിഷപ്പിന്റെ വികാരി
Mail This Article
കൊച്ചി∙ കുർബാന തർക്കം സംഘർഷത്തിലേക്ക് വരെ എത്തിച്ച എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിൽ അതിരൂപതയ്ക്കു വേണ്ടിയുള്ള തന്റെ വികാരിയായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി അവസാനിപ്പിക്കുകയും ഈ പദവിയിലുണ്ടായിരുന്ന മാർ ബോസ്കോ പുത്തൂരിന്റെ രാജി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുകയും ചെയ്തു. ജനുവരി 6 മുതൽ 11 വരെ നടന്ന 33–ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ജോസഫ് മാർ പാംപ്ലാനിയെ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി തിരഞ്ഞെടുത്തത്. തലശേരി രൂപത ബിഷപ്പ് പദവിക്കു പുറമെയാണ് പുതിയ പദവി.
2023 ഡിസംബര്‍ ഏഴിനാണ് മാർ ബോസ്കോ പുത്തൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തത്. 2024 സെപ്റ്റംബറിൽ ആരോഗ്യകാരണങ്ങളാൽ അദ്ദേഹം തന്റെ രാജി സമർപ്പിച്ചിരുന്നു. ഇതാണ് മാർപ്പാപ്പ അംഗീകരിച്ചത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെ രാജി സ്വീകരിച്ചതോടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മേജർ ആര്‍ച്ച് ബിഷപ്പിനെ മാർപ്പാപ്പ ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്താനുള്ള ചുമതല നൽകിക്കൊണ്ട് മാർ ജോസഫ് പാംപ്ലാനിയെ വികാരിയായി നിയമിച്ചത്. സിനഡ് അംഗീകരിച്ച മാർഗരേഖ അനുസരിച്ചായിരിക്കും മേജർ ആർച്ച് ബിഷപ്പിന്റെ വികാരി ഭരണനിർവഹണം നടത്തുന്നത്.