ADVERTISEMENT

തിരുവനന്തപുരം ∙ എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർ‌ച്ചയ്ക്ക് വരാനാണ് യോഗേഷ് ഗുപ്ത നിർദേശം നൽകിയിരിക്കുന്നത്. 

അനധികൃത സ്വത്ത് സമ്പാദന കേസിലടക്കമാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. തിരുവനന്തപുരം സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചായാണ് വിവരം. 

അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരാതികൾ തെളിയിക്കാനുള്ള യാതൊരു രേഖകളും സമർപ്പിച്ചില്ലെന്നും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണു വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് നൽകിയത്. കവടിയാറിലെ വീട് നിർമാണത്തിനായി എസ്ബിഐയിൽനിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്കു മറിച്ചു കുറവൻകോണത്ത് വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപയ്ക്കു കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകി. 4 വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പനയ്ക്കു 10 ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്കു റജിസ്റ്റർ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്‍റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലൻസ് കണ്ടെത്തൽ. 

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.

English Summary:

Vigilance Director seeks clarification on the clean chit given to M.R. Ajith Kumar in a case involving allegations of illegal wealth and gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com