പിതാവ് ‘സമാധി’ ആയെന്ന് ബോർഡ്; മണ്ഡപം കെട്ടി ശരീരം പീഠത്തിലിരുത്തി സ്‌ളാബിട്ടു മൂടി: ‘പിതാവിന്റെ ആഗ്രഹം’
Mail This Article
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ആഗ്രഹപ്രകാരം മക്കള്‍ ‘സമാധി’ ഇരുത്തിയെന്ന വിവാദത്തില്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കി പൊലീസ്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കള്‍ ബോര്‍ഡ് വച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നുമാണ് ഭാര്യയും മക്കളും പറയുന്നത്.
താന്‍ സമാധി ആകാന്‍ പോകുന്ന കാര്യം പിതാവ് മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും കുടുംബം പറയുന്നു. ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തെയോ അറിയിക്കാതെയാണ് മണ്ഡപം കെട്ടി പിതാവിന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്‌ളാബിട്ടു മൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടറുടെ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നു നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.
പിതാവ് മരിച്ചതിനു പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളില്‍ മൃതദേഹം വച്ച് സ്‌ളാബിട്ടു മൂടിയെന്നാണ് മകനും വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയും പൊലീസിനോടു പറഞ്ഞത്. കട തുറക്കാന്‍ പോയപ്പോഴാണ് സമാധിയുടെ പോസ്റ്റര്‍ കണ്ട് വിവരം അറിഞ്ഞതെന്ന് സമീപവാസി പറഞ്ഞു. ഇത്തരത്തില്‍ മരണം നടന്നാല്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ ആരെയെങ്കിലും അറിയിക്കേണ്ടതല്ലേ. ഒരാളെപോലും വിവരം അറിയിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെയാണ് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴിയെടുത്ത് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് സമാധിമണ്ഡപത്തിന് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് മൃതദേഹമുണ്ടെങ്കിൽ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.