ADVERTISEMENT

തൃശൂർ ∙ മലയാളത്തിനു മേൽ പാട്ടിന്റെ വെൺമഞ്ഞല തൂകിനിന്ന പൗർണമി അസ്തമിച്ചു. ഭാവഗായകനെന്ന് സംഗീതാസ്വാദകർ ഹൃദയത്തോടു ചേർ‌ത്ത പി.ജയചന്ദ്രന്റെ ഭൗതികശരീരത്തെ അഗ്നിയേറ്റുവാങ്ങി. പാലിയം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൻജനാവലിയുണ്ടായിരുന്നു. മകൻ ദിനനാഥൻ അന്ത്യകർമങ്ങൾ ചെയ്ത് ചിതയ്ക്കു തീ കൊളുത്തുമ്പോൾ ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിന് അവസാനമായി.

ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടായിരുന്നു.

jayachandran2
പി.ജയചന്ദ്രന്റെ സംസ്കാര ചടങ്ങിൽനിന്ന്. ചിത്രം: അരുൺ ശ്രീധർ/മനോരമ

മൃതദേഹം മോർച്ചറിയിൽനിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്പോൾ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയിൽനിന്നു മരുമകൾ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്റെ സഹോദരൻ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. 

jayachandran
പി.ജയചന്ദ്രന്റെ സംസ്കാര ചടങ്ങിൽനിന്ന്. ചിത്രം: അരുൺ ശ്രീധർ/മനോരമ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ആദരാഞ്ജലി അർപ്പിച്ചു. 

English Summary:

Mourning the loss of melodious voice: P. Jayachandran's demise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com