ADVERTISEMENT

കോട്ടയം ∙ ഡിഎംകെയുമായി നടത്തിയ നീക്കങ്ങൾ പാളിയതിനു പിന്നാലെ പി.വി. അൻവർ തൃണമൂൽ‌ കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ നവംബറിൽ. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിഷ് പാലത്തിങ്കലുമായി ഫോണിൽ സംസാരിച്ചാണ് അൻവർ ഇതിനായുള്ള താൽപര്യം അറിയിച്ചത്. ഒരുമിച്ചു പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും കേരളത്തിൽ നമുക്ക് തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്താമെന്നുമാണ് അൻവർ ഹാരിഷിനോട് പറഞ്ഞത്. ഹാരിഷ് ഇക്കാര്യം ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ അറിയിച്ചു. 

അൻവർ എംഎൽഎ ആയതിനാൽ തന്നെ ദേശീയ നേതൃത്വത്തിന് ആദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നു. കേരളത്തിൽ കളം പിടിക്കാൻ ഒരു എംഎൽഎ ഒപ്പം വരുന്നത് നല്ലതാണെങ്കിലും കരുതൽ വേണമെന്ന് മമത ബാനർജി അഭിഷേക് ബാനർജിക്ക് നിർദേശം നൽകി. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം പണം മോഹിച്ച് പാർട്ടിയിൽ‌ ചേർന്ന് സ്ഥാനാർഥിയായ പലരും പിന്നീട് തിരിഞ്ഞുനോക്കാതെ പുതിയ ലാവണങ്ങൾ തേടിപോയത് മമതയുടെ മനസ്സിലുണ്ടായിരുന്നു.

മമതയുമയുള്ള ചർച്ചയ്ക്ക് ശേഷം ഹാരിഷ് പാലത്തിങ്കലിനോട് അൻവറിന്റെ വിശദാംശങ്ങൾ നൽകാനാണ് ആദ്യം അഭിഷേക് ബാനർജി നിർദേശിച്ചത്. ഇതു പരിശോധിച്ച ദേശീയ നേതൃത്വം അൻവറിനൊപ്പം ആരൊക്കെ വരുമെന്നും എത്ര അണികൾ ഉണ്ടെന്നും പരിശോധിച്ചു. സുസ്മിത ദേവ് എംപിയാണ് ഇക്കാര്യങ്ങൾ പരിശോധിച്ചത്. ഈ വിവരങ്ങൾ ലഭിച്ചതോടെ ഡെറിക് ഒബ്രിയനുമായി കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. അൻവർ വൈകാതെ ഡൽഹിയിലെത്തി ഡെറിക് ഒബ്രിയനെ കണ്ട് സംസാരിച്ചു. 

ഡിസംബർ 31ന് പാർട്ടി അംഗത്വം കൊൽക്കത്തയിലെത്തി സ്വീകരിക്കാനായിരുന്നു പാർട്ടി നൽകിയ നിർദേശം. ഇക്കാര്യം ഉറപ്പാക്കിയാണ് അൻവർ കേരളത്തിലേക്ക് മടങ്ങിയത്. അതിനിടെ അൻവർ യുഡിഎഫിലേക്ക് പോകുമെന്ന വാർത്തകൾ പരുന്നു. ഡിസംബർ 31ന് കൊൽക്കത്തയിലെത്താൽ അസൗകര്യമുണ്ടെന്നാണ് അൻവർ പിന്നീട് തൃണമൂൽ നേതൃത്വത്തെ അറിയിച്ചത്. തൃണമൂലിന്റെ ഉറപ്പുവാങ്ങിയ ശേഷമാണ് അൻവർ ലീഗ്–കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചത് എന്നതാണ് കൗതുകം. ഒടുവിൽ ഇന്നലെ രാത്രിയോടെ അഭിഷേക് ബാനർജി തൃണമൂൽ കോൺഗ്രസിലേക്ക് അൻവറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 

തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ എംഎൽഎ ഇന്ന് കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വാർത്താസമ്മേളനം നടത്തിയേക്കുമെന്നാണ് വിവരം. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം. പൂർണമായ അംഗത്വത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് അൻവർ എത്തുക. കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയെന്നാണ് വിവരം. എന്നാൽ അൻവറിന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ചാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. ഇതിൽ പി.വി. അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം. 

കോഡിനേറ്റർ വാർത്ത ആര് നൽകി ?

പി.വി. അൻവർ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഡിനേറ്ററാണെന്ന വാർത്ത പ്രഖ്യാപനത്തിന് മുൻപ് മാധ്യമങ്ങളിൽ വന്നതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ രാത്രി സംസ്ഥാന നേതൃത്വത്തെ അഭിഷേക് ബാനർജിയുടെ ഓഫിസ് ബന്ധപ്പെട്ടു. അൻവറിനെ സംസ്ഥാന കോഡ‍ിനേറ്റർ ആക്കിയിട്ടില്ലെന്നും മാധ്യമങ്ങളിൽ ആരാണ് ഈ വാർത്ത നൽകിയത് എന്നുമായിരുന്നു ചോദ്യം. തങ്ങളാരും വാർത്ത നൽകിയതല്ലെന്നും മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു. അൻവറിനെ ഷാൾ അണിയിക്കുക മാത്രമാണ് ചെയ്തതെന്നും അംഗത്വം നൽകിയിട്ടില്ലെന്നും ഹാരിഷ് പാലത്തിങ്കൽ മനോരമ ഓൺലൈനോട് പറഞ്ഞു. തന്നെ സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുത്തെന്ന് ഇന്ന് രാവിലെ അൻവർ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നാളെ വൈകിട്ട് മൂന്നു മണിയോടെ അൻവർ നാട്ടിൽ തിരിച്ചെത്തും

യുഡിഎഫിന്റെ ഘടകകക്ഷി ?

തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് യുഡിഎഫിന്റെ ഘടകക്ഷിയായേക്കാം. നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ഞങ്ങൾ ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ യുഡിഎഫാണ് തീരുമാനമെടുക്കേണ്ടതെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

English Summary:

P.V. Anvar Joins Trinamool Congress: Anvar's joining of the Trinamool Congress follows months of negotiations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com