ADVERTISEMENT

ശബരിമല ∙ മകര വിളക്കിനായുള്ള തയാറെടുപ്പാണ് എവിടെയും. ജ്യോതി ദർശനത്തിനായി സന്നിധാനത്തെ എല്ലാ വ്യൂ പോയന്റുകളിലും ദിവസങ്ങൾക്കു മുൻപേ തീർഥാടകർ സ്ഥാനം പിടിച്ചു. ദർശനം കഴിഞ്ഞവർ  മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് കാടു കയറുകയാണ്. അമ്പലപ്പുഴ - ആലങ്ങാട് സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തു നിന്നു പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും ദേവനെയും ശ്രീലകവുമൊരുക്കുന്ന ശുദ്ധിക്രിയകൾ നാളെ തുടങ്ങും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹമദത്തന്റെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. 13ന് ബിംബശുദ്ധിക്രിയകൾ ശ്രീകോവിലിനുള്ളിലും നടക്കും.

മകരവിളക്ക് ദിവസമായ 14ന് സാധാരണ പോലെ 7.30ന് ഉഷഃപൂജ നടക്കും. 8ന് പൂർത്തിയാകും. 8.30ന് ശ്രീകോവിൽ കഴുകി മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയെ ഒരുക്കും. 8.50 മുതൽ 9.30 വരെ സംക്രമ പൂജയും അഭിഷേകവും തുടരും. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ തന്ത്രി അഭിഷേകം ചെയ്യുന്നത്.

ജ്യോതി ദർശനത്തിനായി തീർഥാടകർ ക്യാംപ് ചെയ്തു തുടങ്ങിയതോടെ സന്നിധാനത്ത് തിരക്ക് കൂടി. ദർശനം കഴിയുന്നവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങൾ നോക്കി പാണ്ടിത്താവളം മേഖലയിലേക്കു കയറുകയാണ്. പതിനെട്ടാംപടി കയറാനും ദർശനത്തിനും തീർഥാടകരുടെ നീണ്ട നിരയാണ്. 

പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പാത തിങ്ങിനിറഞ്ഞാണ് തീർഥാടകർ മലകയറുന്നത്. സ്പോട് ബുക്കിങ് 5000 മാത്രമായി ചരുക്കിയെങ്കിലും വലിയ തിരക്കിനു ചെറിയ അയവ് മാത്രമാണ് ഉണ്ടായത്. പമ്പയിലെ 7 സ്പോട് ബുക്കിങ് കൗണ്ടറും നിലയ്ക്കലേക്കു മാറ്റി. ഇന്നലെ മുതൽ ഇവ പ്രവർത്തിച്ചു തുടങ്ങി. വെർച്വൽ ക്യു, സ്പോട് ബുക്കിങ് എന്നിവയിൽ ഏതെങ്കിലും പാസ് ഇല്ലാത്തവരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നില്ല. തിരക്കു നിയന്ത്രണം പൊലീസ് കർശനമാക്കിയിട്ടുണ്ട്.

English Summary:

Sabarimala Updates: Sabarimala is bustling with pilgrims for the Jyothi Darshan. Erumeli Petta Thullal and the Thiruvabharana procession mark key events leading up to the main festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com