നഗ്ന ദൃശ്യങ്ങൾ ആൺസുഹൃത്ത് റെക്കോർഡ് ചെയ്തു; പിതാവിന്റെ ഫോൺവഴി രാത്രി സംസാരിച്ചവരും പീഡിപ്പിച്ചു
Mail This Article
പത്തനംതിട്ട ∙ അറുപതോളം പേർ പീഡിപ്പിച്ച കായികതാരമായ ദലിത് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്ത്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇതുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ആൺ സുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്. മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. കുട്ടിക്കറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്കൂളില്‍വച്ചും പീഡനം നടന്നതുപോലെ തന്നെ വീട്ടിലെത്തി പീഡിപ്പിച്ചവരുണ്ട്. സ്കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടി ക്യാംപിൽ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്.
ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തംതിട്ട പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലവുംതിട്ട പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തെന്ന് പറയുന്ന അഞ്ചു പേരിൽ ഒരാളായ സുധി മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
പല സ്ഥലങ്ങളില്‍വച്ച് നടന്ന പീഡനമായതിനാല്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണ് മൊഴിയെടുക്കുന്നത്. ആവശ്യമായ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.