കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണയുമായി ഉദ്ധവിന്റെ ശിവസേന; ബിജെപിയോട് അടുക്കാൻ ശ്രമം

Mail This Article
മുംബൈ ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്ഥാനത്ത് സഖ്യത്തിലുള്ള കോൺഗ്രസിനെ ഡൽഹിയിൽ തള്ളിയാണ് എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും പിന്നാലെയാണ് ഉദ്ധവും എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ എഎപിയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടിയിരുന്നതെന്നും ശിവസേന പറഞ്ഞു.
ഡൽഹിയിൽ ശിവസേനയ്ക്ക് സ്വാധീനമില്ലാത്തതിനാൽ അവരുടെ നിലപാട് കോൺഗ്രസ് കാര്യമാക്കുന്നില്ല. എന്നാൽ, ദേശീയ കെട്ടുറപ്പിനെ സേനാ നീക്കം ബാധിക്കും. മുംബൈയിൽ അടക്കം നടക്കാനിരിക്കുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം. ബിജെപിയുമായി കൂടുതൽ അടുക്കാനുള്ള ശ്രമവുമുണ്ട്. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചുമതല ഏറ്റതിനു പിന്നാലെ ഉദ്ധവ് അദ്ദേഹത്തെ സന്ദർശിച്ച് അഭിനന്ദിച്ചിരുന്നു. ഉദ്ധവിന്റെ മകനും എംഎൽഎയുമായ ആദിത്യ ഒന്നര മാസത്തിനിടെ മൂന്നു തവണ ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യാ മുന്നണിയിലെ കക്ഷികളെ ചേർത്തു നിർത്തുന്നതിൽ മുഖ്യപങ്കു വഹിക്കേണ്ടതു കോൺഗ്രസ് ആണെന്നും ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദിയും അവർ തന്നെയാണെന്നും ശിവസേനാ ഉദ്ധവ് വിഭാഗം ആരോപിച്ചു. ഇന്ത്യാ മുന്നണിയുടെ നേതൃത്വം, അജൻഡ എന്നിവ സംബന്ധിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ശിവസേനയുടെയും നീക്കം.