196 യുവാക്കൾക്ക് തോക്കു പരിശീലനം; ശ്രീരാമസേന നേതാക്കൾക്കെതിരെ പൊലീസ് കേസ്
Mail This Article
ബെംഗളൂരു ∙ ബാഗൽക്കോട്ടിൽ ആയുധ പരിശീലനം നൽകിയതിനു 12 ശ്രീരാമസേന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഡിസംബർ 25 മുതൽ 29 വരെ തൊടലബാഗിയിലെ കൃഷിയിടത്തിൽ നടന്ന സഹവാസ ക്യാംപിന്റെ അവസാന ദിനത്തിലാണ് 196 യുവാക്കൾക്ക് തോക്കു പരിശീലനം നൽകിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ജസ്റ്റിസ് പരാതിയുമായി ഡിജിപി അലോക് മോഹനെ സമീപിക്കുകയായിരുന്നു.
ക്യാംപ് നടന്ന കൃഷിയിടത്തിന്റെ ഉടമയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തോക്കു പരിശീലനം സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇയാൾ മൊഴി നൽകി. അതേസമയം, ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണുകളാണ് തോക്കു പരിശീലനത്തിന് ഉപയോഗിച്ചതെന്ന് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞു. വ്യക്തിത്വ വികസന പരിപാടിയുടെ ഭാഗമായി തോക്ക് ഉപയോഗിക്കാനുൾപ്പെടെ എല്ലാ വർഷവും ഇത്തരം പരിശീലനം സംഘടിപ്പിക്കാറുണ്ട്. 20–30 വയസ്സിനിടെയുള്ള യുവാക്കളാണ് ക്യാംപിൽ പങ്കെടുത്തു വരുന്നത്. ദേശീയതയും രാജ്യസ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നും മുത്തലിക് പറഞ്ഞു.