എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് തർക്കം; വൈദികരെ പൊലീസ് നീക്കി
Mail This Article
കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനായജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ബലപ്രയോഗത്തിൽ ഒരു വൈദികന്റെ കയ്യൊടിയുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിശ്വാസികളും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും നടന്നു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥയുണ്ട്.
ബിഷപ്സ് ഹൗസിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ 21 വൈദികർക്കെതിരെ നടപടിയെടുക്കാൻ സിറോ മലബാർ സിനഡ് ഇന്നലെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർക്കു നിർദേശം നൽകിയിരുന്നു. അതിരൂപതയിൽ നിന്നുള്ള മെത്രാനെ നിയമിക്കുക, അതിരൂപത കൂരിയ പിരിച്ചുവിടുക, വൈദികർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 2 ദിവസമായി തുടരുന്ന പ്രാർഥാനായജ്ഞം.
ഇതിനിടെ, ഇന്നു വെളുപ്പിന് സ്ഥലത്തെത്തിയ പൊലീസ് സംഘം വൈദികരെ ബലം പ്രയോഗിച്ച് ബിഷപ്സ് ഹൗസിൽനിന്ന് നീക്കുകയായിരുന്നു. വൈദികർ സമീപത്തെ സെന്റ് മേരീസ് ബസലിക്കയുടെ മുറ്റത്ത് പ്രാർഥനായജ്ഞം തുടരുകയാണ്. പരുക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ വൈദ്യസംഘം പ്രാഥമികശുശ്രൂഷ നൽകി.
മാർപാപ്പ അംഗീകരിച്ച സിറോ മലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾക്കെതിരെ അതിരൂപതയിലെ ഏതാനും വൈദികർ സമരം നടത്തുന്നതും അതിരൂപത ഭവനം കയ്യേറി സമരം ചെയ്യുന്നതും ക്രൈസ്തവ ചൈതന്യത്തിന് എതിരാണെന്ന് സിറോ മലബാർ സിനഡ് കുറ്റപ്പെടുത്തിയിരുന്നു. സഭയിൽ ആകമാനം നടപ്പിലായ ആരാധനാക്രമ നിയമത്തിന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും അക്രമവും നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും പൊലീസിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ അറസ്റ്റ് വരിച്ചു വാർത്ത സൃഷ്ടിക്കാനും സഹതാപതരംഗമുണർത്തി വിശ്വാസികളെ നേതൃത്വത്തിനെതിരാക്കാനുമുള്ള അജൻഡയാണ് സമാധാനപരമായ പോലീസ് ഇടപെടലിലൂടെ പരാജയപ്പെട്ടതെന്നും സിറോ മലബാര് മീഡിയ കമ്മിഷന്റെ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ആറു വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽനിന്ന് സസ്പെൻഡ് ചെയ്തെന്നും മറ്റുള്ളവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും കുറിപ്പിലുണ്ട്.
എന്നാൽ സിനഡിന്റെയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെയും അധികാര ദുർവിനിയോഗത്തിനും അധാർമികമായ ശിക്ഷാ നടപടികൾക്കും എതിരെയാണ് സമരം എന്നാണ് അതിരൂപത സംരക്ഷണ സമിതി പറയുന്നത്.