കേരളം തലതാഴ്ത്തിയ പത്തനംതിട്ട പീഡനം, രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് – പ്രധാനവാർത്തകൾ
Mail This Article
കായികതാരമായ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ 15 പേർ കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുൻപു വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 5 പേർ അറസ്റ്റിലായിരുന്നു.
ബോബി ചെമ്മണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് ഹണി റോസ്. താനും തന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് വ്യക്തമാക്കി.
സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രസർക്കാർ കോടതിയിൽ. എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ ഇതു കണ്ടെത്തിയതായി ഡൽഹി ഹൈക്കോടതിയെയാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. നികുതി വകുപ്പിന്റെ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്.
എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനായജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയതായിരുന്നു മറ്റൊരു പ്രധാന സംഭവം. ബലപ്രയോഗത്തിൽ ഒരു വൈദികന്റെ കയ്യൊടിയുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിശ്വാസികളും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും നടന്നു. കുർബാന തർക്കം സംഘർഷത്തിലേക്ക് നീണ്ടതോടെ എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം പ്രഖ്യാപിക്കുന്നതായി അധികാരികൾ അറിയിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിൽ അതിരൂപതയ്ക്കു വേണ്ടിയുള്ള തന്റെ വികാരിയായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെയാണ് നിയമിച്ചത്.