മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് വിഭാഗം; ഡൽഹിയിൽ എഎപിക്ക് പിന്തുണ

Mail This Article
മുംബൈ∙ മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി). കോർപറേഷൻ, ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിൽ സഖ്യം വിട്ട് തനിച്ചു മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
‘‘മുംബൈ മുതൽ നാഗ്പുർ വരെ എല്ലാ കോർപറേഷൻ തിരഞ്ഞെടുപ്പിലും ഞങ്ങൾ തനിച്ച് മത്സരിക്കും. നമുക്ക് സ്വയം വിലയിരുത്തേണ്ടതുണ്ട്. ഇതിന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ അനുമതി നൽകിയിട്ടുണ്ട്.’’– സഞ്ജയ് പറഞ്ഞു. എന്നാൽ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് പുറത്തുപോകുന്നില്ലെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇത് പാർട്ടിയുടെ വളർച്ച തടസ്സപ്പെടുത്തു. അതുകൊണ്ട് തനിച്ച് മത്സരിക്കാനാണ് തീരുമാനം.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയത്തിനു പിന്നാലെ പാർട്ടിക്കുള്ളിൽത്തന്നെ മഹാവികാസ് അഘാഡി സഖ്യത്തിൽ തുടരുന്നതിനെക്കുറിച്ച് കടുത്ത വിമർശനമുയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന ഷിൻഡെ വിഭാഗം 57 സീറ്റു നേടിയപ്പോൾ മഹാവികാസ് അഘാഡി സഖ്യത്തിന് 46 സീറ്റു മാത്രമാണ് നേടാനായത്. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പാർട്ടി നേതാക്കൾ ഉദ്ധവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗം ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സഖ്യത്തിലുള്ള കോൺഗ്രസിനെ അവഗണിച്ചാണ് എഎപിയുമായി ഉദ്ധവ് വിഭാഗം കൈകോർത്തത്. ഇതോടെ മഹാവികാസ് അഘാഡി സഖ്യത്തിൽ വിളളലുണ്ടായെന്ന് അഭ്യൂഹങ്ങൾ ശക്തമായി.