ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  വി.ഡി.സതീശൻ‌ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുജിസി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വിസിമാരെ കണ്ടെത്താനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കുന്നതിന്റെ ഭാഗമായി വിസിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ചും കേരളം ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യർഥിച്ചു. 

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി ചെയര്‍മാനെ അടക്കം നിയമിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ഭേദഗതി. സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്ക് അമിതാധികാരം നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതിനിധികളെ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടും.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കേണ്ടത് നമ്മുടെ കടമയാണ്. ഈ സാഹചര്യത്തില്‍ യുജിസിയുടെ കരട് ചട്ടങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു.

English Summary:

VC appointments : V.D. Satheesan urges Kerala CM to pass a resolution against the UGC's amendment impacting Vice Chancellor appointments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com