നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് 215 കോടി രൂപ പാരിതോഷികം; വിടാതെ യുഎസ്
Mail This Article
വാഷിങ്ടൻ ∙ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികം കൂട്ടി യുഎസ്. മഡുറോ മൂന്നാമതും അധികാരമേറ്റതിനു പിന്നാലെയാണ് അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾക്കുള്ള പ്രതിഫല തുക 25 മില്യൻ ഡോളറായി (എതാണ്ട് 215 കോടി രൂപ) യുഎസ് ഉയർത്തിയത്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്കും 15 മില്യൻ ഡോളർ പ്രിതഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
വെനസ്വേലയുടെ പ്രധാനപ്പെട്ട 15 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപർ, സൈനിക ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് ബ്രിട്ടന്റെ ഉപരോധം. വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനും വെനസ്വേലയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യൻ യൂണിയൻ പറഞ്ഞത്.
കാനഡയും വെനസ്വേലയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊക്കെയ്ൻ ഒഴുക്കു വർധിപ്പിച്ച് രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു യുഎസ് നടപടിക്കു പിന്നിലെ പ്രധാന കാരണം. കഴിഞ്ഞ വർഷം മുതൽ യുഎസ് വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനഃസ്ഥാപിച്ചിരുന്നു.