നവീകരണ ജോലിക്കിടെ റെയിൽവേ സ്റ്റേഷനിലെ സ്ലാബ് തകർന്നു; തൊഴിലാളികൾ കുടുങ്ങി

Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് ഒട്ടേറെ തൊഴിലാളികൾ കുടുങ്ങിയതായി സംശയം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയുടെ ഭാഗമാണ് തകർന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും തുടരുകയാണ്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
അപകടമുണ്ടാകുമ്പോൾ 35ലേറെ തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നിസാര പരുക്കേറ്റവർക്ക് 5,000 രൂപയും സഹായധനം നൽകുമെന്ന് റെയിൽവേ അറിയിച്ചു.