ലൊസാഞ്ചലസ് കാട്ടുതീയിൽ 16 മരണം, 13 പേരെ കാണാനില്ല; ദുരിതത്തീയിൽ ഹോളിവുഡ് താരങ്ങളും

Mail This Article
ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ ലൊസാഞ്ചലസിൽ പടരുന്ന വലിയ കാട്ടുതീയിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. 13 പേരെ കാണാതായി. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു. 12,000 കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച ആരംഭിച്ച 6 കാട്ടുതീകളാണു ലൊസാഞ്ചലസ് കൗണ്ടിയിലുടനീളം പടർന്നുപിടിച്ചത്. സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
24 മണിക്കൂറിനുള്ളിൽ, പാലിസേഡ്സിൽ 1000 ഏക്കറിലേക്കുകൂടി തീ വ്യാപിച്ചു. കൂടുതൽ വീടുകൾ നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കോട്ടുള്ള തീ വ്യാപനം തടയാൻ വിമാനങ്ങളിൽനിന്നു വെള്ളവും രാസവസ്തുക്കളും തളിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയും തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെയും സാന്റ അനാ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ കാറ്റിനു മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 112 കിലോമീറ്റർ വരെ വേഗമുണ്ടാകും. തീ കൂടുതൽ പ്രദേശത്തേക്കു പടരാൻ കാറ്റ് കാരണമാകുമെന്നാണ് ആശങ്ക. കലിഫോർണിയയിലെ വിവിധ ഭാഗങ്ങളിൽ തീ നിയന്ത്രിച്ചതിന്റെ വിവരങ്ങൾ ഗവർണർ ഗാവിൻ ക്രിസ്റ്റഫർ ന്യൂസം പങ്കുവച്ചു. പാലിസേഡ്സിലെ തീ മാൻഡെവില്ലെ കാന്യൻ, ഹോളിവുഡ് സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെന്റ്‌വുഡ് എന്നിവിടങ്ങളിൽ കനത്ത നാശമുണ്ടാക്കി. ദേശീയപാത–405ന് അടുത്തേക്കും തീ എത്തി. 1.53 ലക്ഷത്തിലേറെ പ്രദേശവാസികളെ ഒഴിപ്പിച്ചു. 57,000 കെട്ടിടങ്ങൾക്ക് ഒഴിപ്പിക്കൽ ഉത്തരവ് കൈമാറി. 1.66 ലക്ഷം ജനങ്ങളും ഒഴിപ്പിക്കൽ ഭീഷണിയിലാണ്. അരലക്ഷത്തോളം ജനങ്ങൾ വൈദ്യുതിയില്ലാതെയാണു കഴിയുന്നത്.