ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധി കേസിൽ അടിമുടി ദുരൂഹത. മരിച്ച ഗോപൻ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്നു ബന്ധു പൊലീസിനു മൊഴി നൽകി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണു പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനൻ പറഞ്ഞത്. മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്നതിനാൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നു പൊലീസ് പറഞ്ഞു. 

മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയിൽ കലക്റുടെ തീരുമാനം ഇന്നുണ്ടാകും. ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണു പൊലീസിന്‍റെ ആവശ്യം. നെയ്യാറ്റിൻകര ആറാലുമൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെന്നും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങൾ ചെയ്തെന്നുമാണു കുടുംബാംഗങ്ങൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ, നടന്നതു കൊലപാതകമാണെന്നു നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണു കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചത്.

ഗോപൻ വീട്ടുവളപ്പിൽ ശിവക്ഷേത്രം നിർമിച്ചു പൂജകൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനു സമീപമാണു സമാധി അറ. ഇതും ഗോപൻ നിർമിച്ചതാണെന്നു ഭാര്യയും മക്കളും പറഞ്ഞു. മരണശേഷം ദൈവത്തിന്റെ അടുക്കൽ പോകണമെങ്കിൽ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപൻ നിർദേശം നൽകിയിരുന്നതായി മക്കൾ മൊഴി നൽകി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തിൽ ഇരുന്ന പിതാവിനു വേണ്ടി പുലർച്ചെ മൂന്നുവരെ പൂജകൾ ചെയ്തതായി മകൻ രാജസേനന്റെ മൊഴിയുണ്ട്. രാജസേനൻ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. 

മരണം നടന്നതു വീട്ടിലാണോ അറയിലാണോ എന്നതു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തേണ്ടിവരും. മരിച്ചത് എങ്ങനെയെന്നും കണ്ടെത്തണം. മക്കളുടെ അറിവോടെ അറയ്ക്കുള്ളിൽ ജീവനോടെ കയറിയിരുന്നശേഷം ശ്വാസംമുട്ടി മരിച്ചതാണെങ്കിലും കേസിന്റെ ഗൗരവം മാറും. മരണം നടന്ന സമയം ഭാര്യ സുലോചനയും മകൻ രാജസേനനും മാത്രമായിരുന്നു വീട്ടിൽ. സമാധിയാകാൻ സമയമായെന്ന് അച്ഛൻ അറിയിച്ചതിനാൽ രണ്ടാമത്തെ മകൻ സനന്ദനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണു കുടുംബത്തിന്റെ മൊഴി. സനന്ദൻ മെക്കാനിക്കാണ്.

English Summary:

Gopan Swami Death: Neyyattinkara Police Probe Mysterious Samadhi Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com