‘ഹണി റോസ് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ; ഇരയായത് ഒന്നല്ല ഒരായിരം തവണ, ഇതിനപ്പുറം മാന്തിയാലും നിങ്ങൾ കാണുന്ന തരമല്ല’
Mail This Article
കോട്ടയം∙ ഒന്നല്ല ഒരായിരം തവണ സൈബർ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നു കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മുൻകാലങ്ങളിലൊക്കെ മുഖമില്ലാത്തവരായിരുന്നു സൈബർ ആക്രമണങ്ങൾ നടത്തിയതെങ്കിൽ ഇപ്പോൾ പ്രൊഫൈലും മുഖവും പാർട്ടി ചിഹ്നവും വച്ചാണ് ആക്രമണം. ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. അതവരുടെ ഇഷ്ടമാണ്. അതിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണ്. ഏത് രാഷ്ട്രീയ പാർട്ടിയിലെ വനിതാ നേതാവായാലും അവരുടെ രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഹണി റോസ് നേരിട്ട ദുരനുഭവത്തിന്റെയും സ്വീകരിച്ച നിയമനടപടിയുടെയും പശ്ചാത്തലത്തിൽ മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.
∙ ഹണി റോസ് നൽകിയ പരാതി ഒറ്റപ്പെട്ട സംഭവമല്ലല്ലോ. ബിന്ദു കൃഷ്ണയും ഒരു ഇരയല്ലേ ?
ഒന്നല്ല ഒരായിരം തവണ ഞാൻ ഇരയായിട്ടുണ്ട്. എത്രയെന്ന് ചോദിച്ചാൽ എണ്ണിയാൽ ഒടുങ്ങില്ല. രാഷ്ട്രീയ നിലപാടുകൾ പറയുമ്പോൾ സൈബർ വെട്ടുകിളി കൂട്ടങ്ങൾ വളഞ്ഞിട്ടാണ് ആക്രമിക്കുന്നത്. മുൻകാലങ്ങളിലൊക്കെ മുഖമില്ലാത്തവരായിരുന്നു ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ഇപ്പോൾ പ്രൊഫൈലും മുഖവും പാർട്ടി ചിഹ്നവും വച്ചാണ് ആക്രമിക്കുന്നത്. ഹണി റോസിനെ അവരുടെ വേഷത്തിന്റെയും ജോലിയുടെയും പേരിൽ അധിക്ഷേപിക്കുകയാണെങ്കിൽ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതിനാലാണ് എന്നെ പോലുള്ളവർ ആക്രമിക്കപ്പെടുന്നത്. ഇത്തരം രീതിയിൽ ആക്രമിച്ചാൽ ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്നാകും വിചാരം. അല്ലെങ്കിൽ ആശയദാരിദ്ര്യം കൊണ്ടാകാം.
എന്താണ് അവരുടെ മനോഭാവം എന്ന് അറിയില്ല. എന്തു തന്നെയായാലും വളരെ മോശമാണ്. ഇന്നും ഇന്നലെയുമല്ല സമൂഹമാധ്യമങ്ങൾ തുടങ്ങിയ കാലം മുതൽ ഞാൻ ഇതിലൊക്കെ സജീവമാണ്. വ്യക്തിപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും പറയുമായിരുന്നു. എപ്പോൾ സിപിഎമ്മിനെതിരെയോ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ നീചമായ കമന്റ്സ് വരും. നമ്മുടെ മുഖംവച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകളയും. വ്യാജവാർത്ത വരെ എഴുതിയിട്ടു കളയും. ഏതൊക്കെ രീതിയിൽ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ചോദിച്ചാൽ അറിയില്ല.
∙ കേസുകൾ നൽകാൻ പൊലീസിനെ സമീപിക്കുമ്പോൾ നല്ല സമീപനമായിരുന്നോ ?
സിപിഎമ്മിലെ വനിതാ നേതാവിനെതിരെ കമന്റിട്ടാൽ അപ്പോൾ പൊലീസ് നടപടിയാണ്. ഞാൻ എത്രയോ പരാതി കൊല്ലത്ത് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയിട്ടുണ്ട്. പരാതികളെല്ലാം ലിങ്കും സ്ക്രീൻ ഷോട്ടും സഹിതമാണ് നൽകിയത്. ആദ്യകാലത്തെ ഒന്നോ രണ്ടോ കേസുകളിലൊഴികെ പിന്നെ ഒന്നിലും നടപടിയെടുത്തിട്ടില്ല.
∙ ഹണി റോസിന്റെ കേസിൽ സ്വീകരിച്ച നടപടിയെ എങ്ങനെ കാണുന്നു?
വളരെ പ്രതീക്ഷയുണ്ട്. കാരണം സിപിഎം വനിതാ നേതാക്കള്‍ക്ക് മാത്രം ഈ ഭരണത്തിൽ കിട്ടിയിരിക്കുന്ന ആനുകൂല്യം അതിനു പുറത്തുള്ളവർക്കും കിട്ടുന്നത് ആശ്വാസമാണ്. ഏത് രാഷ്ട്രീയ പാർട്ടിയിലെ വനിതാ നേതാവായാലും അവരുടെ രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം നൽകണം. ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. അതവരുടെ ഇഷ്ടമാണ്. അതവരുടെ തൊഴിലാണ്. അതിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണ്.
∙ സൈബർ ആക്രമണങ്ങളിൽ ഏറ്റവും വിഷമിപ്പിച്ച സംഭവമെന്താണ് ?
അങ്ങനെ വിഷമമൊന്നുമില്ല, വിഷമിക്കുകയേയില്ല. ഇതല്ല ഇതിനപ്പുറം മാന്തിയാലും നിങ്ങൾ കാണുന്ന തരമല്ല ഞങ്ങൾ. ഏതെങ്കിലും സൈക്കോ മനോഭാവം ഉള്ളവർ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും എഴുതിവിട്ടാൽ അതിൽ തളർന്നുപോകുന്നവരല്ല ഞങ്ങൾ. എനിക്ക് സഹതാപമേ തോന്നിയിട്ടുള്ളൂ. നിയമത്തിൽ ബിരുദാനന്തര ബിരുദദാരിയായ ഞാൻ മനസിലാക്കിയത് നിയമം നമ്മളെ സംരക്ഷിക്കുമെന്നാണ്. പക്ഷേ നിയമത്തെക്കാൾ വലുത് ഇവിടെ രാഷ്ട്രീയമായിപ്പോയി.
∙ ഏറ്റവും ഒടുവിൽ സൈബർ ആക്രമണം നേരിട്ടത് നീലപ്പെട്ടി വിവാദവുമായി ബന്ധപ്പെട്ടല്ലേ ?
അയ്യോ...എന്റെ തമ്പുരാനേ...‘വാതിൽ തുറന്ന് ബിന്ദു കൃഷ്ണ, ആരുണ്ട് അകത്ത് ? ഭർത്താവല്ലാതെ പുരുഷന്മാരില്ല’ ഇങ്ങനെയൊക്കെയായിരുന്നു അധിക്ഷേപങ്ങൾ. ഭർത്താവ് പുരുഷനല്ലെന്ന് പറഞ്ഞുവയ്ക്കുകയാണ്. അങ്ങനെ നൂറുനൂറെണ്ണം.
∙ കോൺഗ്രസിലെയും സൈബർ പോരാളികൾ മോശക്കാരല്ലല്ലോ. അവരെ തിരുത്തിയിട്ടുണ്ടോ ?
എന്റെ ശ്രദ്ധയിൽപ്പെടുന്നതിനെതിരെയെല്ലാം ഞാൻ കർശന നടപടിയെടുത്തിട്ടുണ്ട്. പല മീറ്റിങ്ങുകളിലും അത് പറഞ്ഞിട്ടുണ്ട്.
∙ സമൂഹ മാധ്യമങ്ങളിലല്ലാതെ നേരിട്ട് അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ ?
നേരിട്ട് ഒന്നുമുണ്ടായിട്ടില്ല. നേരിട്ട് പറയാൻ ധൈര്യമുള്ള ആരെങ്കിലും ഭൂമിയിൽ ജനിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നും.
∙ ബിന്ദു കൃഷ്ണയുടെ ഭർത്താവ് രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ്. എന്നാൽ മറ്റു പലരുടെയും അനുഭവം അങ്ങനെയായിരിക്കില്ല. അധിക്ഷേപങ്ങൾ നേരിടുമ്പോൾ കുടുംബങ്ങളിൽ നിന്നു തന്നെ എതിർപ്പ് നേരിടേണ്ടി വരും. അങ്ങനെയുള്ള സഹപ്രവർത്തകരുണ്ടോ?
ഒരുപാട് പേരുണ്ട്. പല രൂപത്തിലാണ്, നമുക്കൊന്നും സങ്കൽപിക്കാൻ കഴിയില്ല. ഞാനൊരു ഉറച്ച നിലപാട് എടുത്താൽ അതിനൊപ്പം കുടുംബത്തിന്റെ പിന്തുണയുണ്ട്. പക്ഷേ അതില്ലാത്ത ഒരുപാട് പേരുണ്ട്. ഒരു പ്രശ്നം ഉണ്ടായാൽ പെണ്ണ് പ്രതികരിച്ചു വീട്ടിൽ ചെല്ലുമ്പോൾ നല്ലതൊന്നുമായിരിക്കില്ല കേൾക്കേണ്ടി വരുന്നത്. എത്രയോ പേർ ഇതൊക്കെ പറഞ്ഞിട്ടുണ്ട്. സമൂഹം മാറി ചിന്തിക്കണം.