കായികതാരത്തെ പീഡിപ്പിച്ചവരിൽ ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും; വിവാഹം ഉറപ്പിച്ച യുവാവും അറസ്റ്റിൽ

Mail This Article
പത്തനംതിട്ട∙ പത്തനംതിട്ടയില്‍ കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ 62 പേർ പീഡിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാര്‍, ഡിവൈഎസ്പി എസ്.നന്ദകുമാര്‍ എന്നിവരടങ്ങുന്ന 25 അംഗ സംഘമാണു രൂപീകരിച്ചത്. ഡിഐജി അജിതാ ബീഗം നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി നന്ദകുമാറാണ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍.
കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രി വൈകി പമ്പയിൽ നിന്നാണു ഇവരെ പിടികൂടിയത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ മൊഴിയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം.
അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർഥി എന്നിവരും അറസ്റ്റിൽ ആയവരിലുണ്ട്. ഇന്നലെ അറസ്റ്റിലായവരിൽ സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്കു പെൺകുട്ടിയെ നൽകിയെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടർപീഡനങ്ങൾ.
13 വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി. ഇതിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. കായികതാരമായ പെൺകുട്ടി പരിശീലന ക്യാംപിലും പീഡനത്തിന് ഇരയായിട്ടുണ്ട്. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത പെൺകുട്ടി അച്ഛന്‍റെ മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽ നിന്നും ഡയറി കുറിപ്പുകളിൽ നിന്നും ആണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്.