എസ്പിയോട് അൻവർ ചോദിച്ചത് രാജ്യസഭാ സീറ്റ്; ജനുവരി 20ന് കാണാമെന്ന് അഖിലേഷ് യാദവ്, അതിനിടെ തൃണമൂലിലേക്ക്

Mail This Article
കോട്ടയം∙ തൃണമൂൽ കോൺഗ്രസിൽ ചേരും മുന്നേ സമാജ്‍വാദി പാർട്ടിയുമായി (എസ്പി) നടത്തിയ ചർച്ചയിൽ പി.വി. അൻവർ എംഎൽഎ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതായി വിവരം. ഉത്തർപ്രദേശിൽനിന്നും തന്നെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. ജെഡിഎസിൽ നിന്നും അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അൻവർ രാജ്യസഭയിലേക്കുള്ള തന്റെ താൽപര്യം അറിയിച്ചത്. പാർട്ടിയിൽ ചേർന്ന ശേഷമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നായിരുന്നു മറുപടി. അൻവറിന്റെ കാര്യം ജനുവരി 20ന് ചർച്ച ചെയ്യാമെന്നായിരുന്നു അഖിലേഷ് യാദവ് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിനു മുന്നേ അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറി.
സമാജ്‍വാദി പാർട്ടി നേതാക്കളുമായി രണ്ടു തവണയാണ് അൻവർ ചർച്ച നടത്തിയത്. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. എസ്പിയുടെ ദേശീയ സെക്രട്ടറിയായിരുന്ന ജോ ആന്റണിക്ക് അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനോട് താൽപര്യമില്ലായിരുന്നു. അതിനാൽ ആദ്യ ചർച്ചയ്ക്കു ശേഷം കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീട് മറ്റ് ചില നേതാക്കൾ മുൻകൈയെടുത്തായിരുന്നു രണ്ടാമത്തെ ചർച്ച. ജനുവരി 20ന് അഖിലേഷ് യാദവുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായി എറണാകുളത്ത് ഒരു റൗണ്ട് ചർച്ച കൂടി തീരുമാനിച്ചിരുന്നെങ്കിലും അതിനിടെയായിരുന്നു തൃണമൂൽ കോൺഗ്രസിലേക്ക് അൻവർ ചേക്കേറിയത്.
സമാജ്‍വാദി പാർട്ടി നിലവിൽ സംസ്ഥാനത്ത് യുഡിഎഫിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന കക്ഷിയാണ്. യുപിയിലും ദേശീയതലത്തിലും എസ്പിയും കോൺഗ്രസുമായി വലിയ ബന്ധമുണ്ട്. ആ സാധ്യത ഉപയോഗപ്പെടുത്താതെ അൻവർ ഇന്ത്യ സഖ്യവുമായി ഇടഞ്ഞുനിൽക്കുന്ന തൃണമൂൽ കോൺഗ്രസിലേക്കു ചാടിയത് എടുത്തുചാട്ടമായി പോയെന്നാണു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ ചിലർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന മമതയുടെ പാർട്ടിയെ സംസ്ഥാനത്ത് ഘടകകക്ഷിയാക്കുന്നതിനോട് കെ.മുരളീധരൻ അടക്കമുള്ളവർക്ക് എതിർപ്പാണ്.