ശുദ്ധിക്രിയ തുടങ്ങി; മകരജ്യോതിയുടെ ധന്യനിമിഷങ്ങൾ ഏറ്റുവാങ്ങാൻ ശബരിമല

Mail This Article
ശബരിമല ∙ മകരജ്യോതിയുടെ ധന്യനിമിഷങ്ങൾ ഏറ്റുവാങ്ങാൻ പൊന്നമ്പല വാസന്റെ മണ്ണും വിണ്ണും ഒരുങ്ങുന്നു. ചൊവ്വാഴ്ചയാണു മകരവിളക്ക്. ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയ തുടങ്ങി. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ കാർമികത്വത്തിൽ പ്രാസാദശുദ്ധിയാണു നടന്നത്. തുടർന്നു വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം എന്നിവയും നടന്നു. ബിംബശുദ്ധി ക്രിയകൾ തിങ്കളാഴ്ച ഉച്ചയ്ക്കു നടക്കും. മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ തീർഥാടകർ കാത്തിരിക്കുകയാണ്.
മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് വ്യക്തമാക്കി. മകരജ്യോതി കാണാൻ ഭക്തരെത്തുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ല. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്ക്കലിൽ 700 എന്നിങ്ങനെ പൊലീസുകാർ ഡ്യൂട്ടിയിൽ ഉണ്ടാവും.
മറ്റു വ്യൂ പോയിന്റുകൾ ഉള്ളിടത്തും ക്രമീകരണമായി. കോട്ടയം ജില്ലയിൽ 650, ഇടുക്കിയിൽ 1050 പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാജോലികൾക്കു നിയോഗിക്കും. സന്നിധാനത്ത് എഡിജിപി എസ്.ശ്രീജിത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ നേതൃത്വം നൽകും.