‘പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയം ബിജെപി അവസാനിപ്പിച്ചു; ഉദ്ധവ് ഞങ്ങളെ ചതിച്ചു’

Mail This Article
മുംബൈ ∙ എൻസിപി നേതാവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പ്രധാനിയുമായ ശരദ് പവാറിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല്‍ മഹാരാഷ്ട്രയിൽ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചതു ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍വിജയത്തിനുശേഷം ഒരു മാസം കഴിഞ്ഞാണു പ്രസ്താവന.
‘‘മഹാരാഷ്ട്രയിലെ ബിജെപി വിജയം, 1978ല്‍ ശരദ് പവാര്‍ ആരംഭിച്ച അസ്ഥിരതയുടെയും പിന്നിൽനിന്നുള്ള കുത്തലുകളുടെയും രാഷ്ട്രീയത്തിന് അവസാനം കുറിച്ചു. ജനം അത്തരം രാഷ്ട്രീയത്തെ 20 അടി താഴ്ചയില്‍ കുഴിച്ചിട്ടു. 1978 മുതല്‍ 2024 വരെ മഹാരാഷ്ട്ര രാഷ്ട്രീയ അസ്ഥിരതയ്ക്കു വിധേയമായിരുന്നു. സ്ഥിരതയുള്ളതും ശക്തവുമായ സര്‍ക്കാരാണു ദേവേന്ദ്ര ഫഡ്നാവിസിന്റേത്.’’– ഷിർദിയിൽ സംസ്ഥാന ബിജെപി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയും അമിത് ഷാ വിമർശിച്ചു. ‘‘ഉദ്ധവ് താക്കറെ ഞങ്ങളെ വഞ്ചിച്ചു. 2019ല്‍ അദ്ദേഹം ബാലാസാഹേബിന്റെ ആശയം ഉപേക്ഷിച്ചു. ഇന്ന് ജനം അദ്ദേഹത്തിന് എവിടെയാണു സ്ഥാനമെന്നു കാണിച്ചുകൊടുത്തു. വഞ്ചനയിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.’’– അമിത് ഷാ ആരോപിച്ചു.
1978ല്‍ ശരദ് പവാര്‍ 40 എംഎല്‍എമാരുമായി വസന്തദാദാ പാട്ടീല്‍ സര്‍ക്കാരിനെ കയ്യൊഴിയുകയും മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാര്‍ 2023ല്‍ എൻസിപി പിളർത്തുകയും ബിജെപി പങ്കാളിയായ എക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേരുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പില്‍ 132 സീറ്റുകളോടെയാണു ബിജെപിയുടെ വിജയം.