അമരക്കുനിയില്‍ വീണ്ടും ആടിനെ കൊന്ന് കടുവ; ജാഗ്രതാനിര്‍ദേശം, 4 സ്കൂളുകൾക്ക് അവധി

Mail This Article
പുല്‍പ്പള്ളി∙ വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനു നീക്കം നടത്തുന്നതിനിടെ അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഇന്നലെ വനംവകുപ്പ് നടപടി ആരംഭിച്ചിരുന്നു. കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് ഇന്ന് ആടിനെ കൊന്നത്. മുത്തങ്ങയില്‍നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തിരച്ചിൽ.
50 അംഗം വനപാലക സംഘം 3 ടീമായാണു തിരച്ചിൽ നടത്തുന്നത്. കടുവയെ പിടിക്കുന്നതിനു 3 കൂട് സ്ഥാപിച്ചു. സ്ഥലത്തെ 20 ക്യാമറകളിൽ ഒന്നിലും കടുവയുടെ ദൃശ്യം പതിഞ്ഞല്ല. അതേസമയം, തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ കടുവയെ കണ്ടെത്തിയതായാണു വിവരം. 2 കിലോമീറ്ററിനുള്ളിൽ കടുവയുണ്ടെന്നാണു വനംകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണു കടുവയെ മയക്കുവെടിവയ്ക്കാൻ ശ്രമം നടത്തുന്നത്.