മുള്ളുവേലി നിർമാണം: ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തിയതായി റിപ്പോർട്ട്

Mail This Article
ന്യൂഡൽഹി ∙ ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ നുറൽ ഇസ്‌ലാമിനെ ഇന്ത്യ വിളിച്ചുവരുത്തിയതായി റിപ്പോർട്ട്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ബംഗ്ലദേശ് നയതന്ത്രജ്ഞനെ വിളിപ്പിച്ചത്.
ഉഭയകക്ഷി ധാരണ ലംഘിച്ച് ഇന്തോ – ബംഗ്ലദേശ് അതിർത്തിയിൽ ഇന്ത്യ അഞ്ചിടങ്ങളിൽ മുള്ളുവേലി കെട്ടുന്നതായി ബംഗ്ലദേശ് ഇടക്കാല സർക്കാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശ സെക്രട്ടറിയുടെ ചുമതലയുള്ള ജാഷിം ഉദ്ദിം ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയത്. അതിർത്തിയിൽ സുരക്ഷാ ചുമതലയുള്ള ഇന്ത്യയുടെ ബിഎസ്‌എഫും ബംഗ്ലദേശിന്റെ ബിജിബിയും വിഷയം സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും ധാരണ നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രണയ് വർമ പറഞ്ഞു. അതേസമയം, പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ മുള്ളുവേലി നിർമാണം നിർത്തിവച്ചതായി ബംഗ്ലദേശ് പറഞ്ഞു.