‘വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രയേലിനും ഹമാസിനും ഖത്തർ കൈമാറി’: ട്രംപ് എത്തും മുൻപ് നിർണായക നീക്കം?

Mail This Article
ദോഹ ∙ ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് വിവരം. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രയേലിനും ഹമാസിനും ഖത്തർ കൈമാറിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും.
ഇസ്രയേലിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. വെടിനിർത്തൽ കരാറിന്റെ കരട് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ട്രംപ് അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനാണ് ശ്രമം. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു.
യുഎസിലെ നിലവിലെയും വരാനിരിക്കുന്നതുമായ ഭരണകൂടങ്ങളുമായുള്ള ചർച്ചയ്ക്കുശേഷമാണു മൊസാദ് തലവനെ അയച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബേത്തിന്റെ തലവൻ റൊണൻ ബാർ, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ നിറ്റ്സൻ അലോൺ എന്നിവരും സംഘത്തിലുണ്ട്.