ഹൃദയചികിൽസ സാധാരണക്കാരിലേക്കും: ‘ഹൃദയപൂർവം’ മാതൃകയെന്ന് മന്ത്രി വീണാ ജോർജ്

Mail This Article
കോട്ടയം ∙ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സങ്കീര്‍ണതയും വലിയ ചെലവും കാരണം സാധാരണക്കാര്‍ക്ക് ഹൃദയചികിത്സ പലപ്പോഴും അപ്രാപ്യമായി തുടരുന്നുവെന്നും മന്ത്രി പറഞ്ഞു. മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നു നടത്തുന്ന ‘ഹൃദയപൂര്‍വം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ അവസ്ഥയെ നേരിടാന്‍ ശാസ്ത്രീയവും നയപരവുമായ ഇടപെടല്‍ വേണം. അതിനുള്ള അവസരമാണ് മലയാള മനോരമ ‘ഹൃദയപൂര്‍വം’ പദ്ധതിയിലൂടെ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു കേരളം ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണ്. കേരളത്തില്‍ 38% പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ജീവിതശൈലീരോഗങ്ങളുടെ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച ഇടപെടല്‍ നടത്തുന്നുണ്ട്.
ഹൃദയാരോഗ്യത്തിന്റെയും ഹൃദയ ചികിത്സയുടെയും കാര്യത്തില്‍ 25 വര്‍ഷം മുൻപുള്ള അവസ്ഥയല്ല ഇപ്പോള്‍. വലിയ മാറ്റമുണ്ടായിട്ടുണ്ട്. 25 വര്‍ഷം കൊണ്ട് 2500 ലേറെപ്പേരെ ഹൃദയപൂര്‍വം പദ്ധതിയിലൂടെ ചേര്‍ത്തുനിര്‍ത്താനായെന്നത് ശ്ലാഘനീയമാണ്. മാതൃകാപരമായ ഈ ഇടപെടലിന് മലയാള മനോരമയോട് നന്ദി പറയുന്നു. കുട്ടികളുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ‘ഹൃദ്യം’ പദ്ധതിയെക്കുറിച്ചും ഇതിനോടൊപ്പം പറയാന്‍ ആഗ്രഹിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഹൃദയപൂര്‍വം’ പദ്ധതിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രാസ് മെഡിക്കല്‍ മിഷനിലെ പാരാ മെഡിക്കല്‍ ജീവനക്കാരായ ഫിലിപ് മാത്യു, വി.മുരളി, എബി സാം, ബാലാജി എന്നിവരെ മലയാള മനോരമ ഡയറക്ടറും ചീഫ് റസിഡന്റ് എഡിറ്ററുമായ ഹര്‍ഷ മാത്യു ആദരിച്ചു. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെ മലയാള മനോരമ പഴ്‌സനേല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ എഡ്വിന്‍ വിനോദ് ജയിംസ് സ്വാഗതം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂഡ് എഡിറ്റര്‍ വിനോദ് നായര്‍ നന്ദി പറഞ്ഞു.

‘കുട്ടികളില്‍ ജന്മനാലുള്ള ഹൃദയസംബന്ധമായ രോഗങ്ങളും ചികിത്സയും’ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ മിഷൻ പീഡിയാട്രിക് കാര്‍ഡിയോളജി കൺസൽറ്റന്റ് ഡോ. ശ്രീജാ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. രവി അഗര്‍വാൾ എന്നിവര്‍ പങ്കെടുത്തു. മനോരമ ന്യൂസ് പ്രൊഡ്യൂസർ ധന്യ കിരണ്‍ മോഡറേറ്ററായി.

രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് 3.30ന് മാമ്മൻ മാപ്പിള ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. ഇന്ത്യയുടെ മിസൈൽ വനിതയും നൂറുൽ ഇസ്‌ലാം സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. ‘ഹൃദയപൂർവം’ ഹൃദയ പരിശോധനാ ക്യാംപിനു നേതൃത്വം നൽകിയ മെഡിക്കൽ മിഷനിലെ ഡോക്ടർമാരെ ഗവർണർ ആദരിക്കും.

വൈകിട്ട് അഞ്ചു മുതൽ കലാസന്ധ്യ. ഇതോടനുബന്ധിച്ച് മാമ്മൻ മാപ്പിള ഹാളിൽ ഫോട്ടോ പ്രദർശനവും രാവിലെ മുതൽ നടക്കും. രജതജൂബിലിയുടെ ഭാഗമായി ലോക ഹൃദയദിന സന്ദേശവുമായി ഇന്നലെ എല്ലാ ജില്ലകളിലും കൂട്ടയോട്ടവും ഉണ്ടായിരുന്നു.