‘രാജിവയ്ക്കാൻ പോകുന്നു, അനുവാദം വേണം’: രാവിലെ അൻവറിന്റെ ഫോൺ കോൾ, ജോയിയുടെ പേരിനു പിന്നിൽ?

Mail This Article
കോട്ടയം ∙ എംഎൽഎ സ്ഥാനം രാജിവയ്ക്കും മുൻപ് യുഡിഎഫിലെ കക്ഷി നേതാക്കളുമായി ഫോണിൽ സംസാരിച്ച് പി.വി. അൻവർ. ഇന്ന് രാവിലെയാണ് മുസ്‌ലിം ലീഗിന്റെ നേതാക്കളുമായി അൻവർ ആശയവിനിമയം നടത്തിയത്. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെയും അൻവർ ഫോണിൽ വിളിച്ചു. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പോവുകയാണെന്നും നിങ്ങളുടെ അനുവാദം ചോദിക്കാനാണ് വിളിച്ചതെന്നുമായിരുന്നു അൻവർ നേതാക്കളോട് പറഞ്ഞത്. മറ്റ് കക്ഷി നേതാക്കളെ ആരെയും അൻവർ ഫോണിൽ ബന്ധപ്പെട്ടില്ല. അൻവറിന്റെ രാജിയ്ക്കു ശേഷം നേതാക്കൾ തമ്മിൽ ഫോണിലൂടെ അനൗദ്യോഗിക സംഭാഷണം നടത്തി.
യുഡിഎഫിന് പിന്തുണയെന്ന് പറയുമ്പോഴും വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ പക്വത കുറവാണെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. അൻവറിന്റെ ഇത്തരം എടുത്തുച്ചാട്ടങ്ങളും നിലപാടുകളും ദോഷമെന്നും നേതാക്കൾ വിലയിരുത്തി. അൻവറുമായി ഇടഞ്ഞുനിന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നത്തെ വാർത്താസമ്മേളനത്തിനു ശേഷം മയപ്പെട്ടിട്ടുണ്ട്. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ച അടുത്ത യുഡിഎഫ് യോഗത്തിലുണ്ടാകും. ഇപ്പോഴും അൻവറിന്റെ നിലപാടുകളോട് യോജിക്കാൻ പറ്റുന്നില്ലെന്നാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറയുന്നത്.
യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ജനുവരി 27ന് ആരംഭിക്കാനിരിക്കെ അൻവർ നാടകീയമായി യാത്രയ്ക്ക് പിന്തുണ അറിയിച്ച് കടന്നുവരുമോ എന്ന് കരുതുന്നവരുമുണ്ട്. കോൺഗ്രസിനുള്ളിൽ പാളയത്തിൽ പടയുണ്ടാക്കാനാണ് അൻവർ സ്ഥാനാർഥിയായി വി.എസ്. ജോയിയുടെ പേരു പറഞ്ഞത് എന്ന് കരുതുന്നവരും കോൺഗ്രസിനുള്ളിലുണ്ട്. വാർത്താസമ്മേളനത്തിനിടെയാണ് ജോയിയും തന്റെ പേര് അൻവർ പറഞ്ഞ വിവരം അറിയുന്നത്.
അൻവർ സംസ്ഥാന കൺവീനറായ ശേഷമുള്ള തൃണമൂൽ കോൺഗ്രസിന്റെ ആദ്യത്തെ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ് ചൊവാഴ്ച വൈകിട്ട് 3 മണിക്ക് കോഴിക്കോട്ടെ പാർട്ടി ഓഫിസിൽ നടക്കുമെന്ന വിവരമുണ്ട്. പാർട്ടിയുടെ ദേശീയ നയങ്ങളും കേരളത്തിലെ പ്രശ്നങ്ങളും പ്രാദേശിക വിഷയങ്ങളിൽ നടത്തേണ്ട ഇടപെടലുകളും യോഗത്തിൽ ചർച്ചയാകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.