വഴിനീളെ ശരണംവിളി, പുഷ്പവൃഷ്ടി; തിരുവാഭരണ ഘോഷയാത്ര ളാഹ വനം സത്രത്തിൽ, നാളെ മകരവിളക്ക്

Mail This Article
റാന്നി ∙ ശരണാരവത്തിനും പുഷ്പവൃഷ്ടിക്കുമിടെ അയ്യപ്പന് അണിയാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ളാഹ വനം സത്രത്തിലെത്തി. അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്രയുടെ തിങ്കളാഴ്ചത്തെ യാത്ര ആരംഭിച്ചത്. ആയിക്കൽ തിരുവാഭരണ പാറയിലാണ് രണ്ടാം ദിനത്തിൽ ആദ്യം പേടകം തുറന്ന് ഭക്തർക്കു ദർശനം നൽകിയത്.
റാന്നി ബ്ലോക്ക് ഓഫിസ് പടി വഴി കുത്തുകല്ലുങ്കൽ പടിയിലേക്കു രാജോജിതമായ വരവേൽപു നൽകി. മന്ദിരം, പാലച്ചുവട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇടക്കുളത്ത് എത്തി. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയാണ് ഇടക്കുളം അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്ത് തിരുവാഭരണ ഘോഷയാത്ര എത്തിയത്. തുടർന്ന് കല്ലാറ്റിലെ പേങ്ങാട്ടുകടവ് വഴി വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, ചമ്പോൺ, കല്ലറപാലം, മാടമൺ, മാടമൺ വള്ളക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷമാണ് ഹൃഷികേശ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തിയത്. വാദ്യമേളങ്ങളുടെ ഭക്തർ പൂവത്തുംമൂട് ജംക്‌ഷനിലേക്കു ഘോഷയാത്രയെ വരവേറ്റു. പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപം എന്നിവിടങ്ങളിലും സ്വീകരണം നൽകി.
കൂനംകര, തേവർവേലിൽ സ്കൂൾപടി വഴിയാണ് ഘോഷയാത്ര ളാഹ എസ്റ്റേറ്റിലെത്തിയത്. തുടർന്ന് പുതുക്കട, ളാഹ അങ്കണവാടി പടി, മുത്താരമ്മൻ കോവിൽ വഴിയാണ് ഘോഷയാത്ര കടന്നു പോയത്. ചൊവാഴ്ച പുലർച്ചെ ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി തലപ്പാറ മലക്കോട്ട, ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വനപാതയിലേക്കു കടക്കും. കൊല്ലമൂഴി, ഏട്ടപ്പെട്ടി, ഒളിയമ്പുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല ടോപ്, ശബരിപീഠം, ശരംകുത്തി വഴി വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തും. തിരുവാഭരണങ്ങൾ ചാർത്തിയാണു ദീപാരാധന നടക്കുക. ദീപാരാധനയ്ക്ക് ശേഷം ഭക്തരുടെ ഒരു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് മകരവിളക്ക് തെളിയും.