സ്മാർട് ഫോൺ വാങ്ങി നൽകിയില്ല; മകൻ ജീവനൊടുക്കിയ കയറിൽ തൂങ്ങിമരിച്ച് പിതാവും

Mail This Article
മുംബൈ∙ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങി നൽകാത്തതിനെത്തുടർന്നു നാന്ദേഡിൽ കൗമാരക്കാരനും മകന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാത്തതിൽ നിരാശനായി പിതാവും ഒരേ കയറിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനടുത്തുള്ള കൃഷിയിടത്തിലാണു പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചത്.
പിതാവ് കുട്ടിയുടെ മൃതദേഹം താഴെയിറക്കി അതേ കയറിൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 3 സഹോദരന്മാരിൽ ഏറ്റവും ഇളയയാളാണു ജീവനൊടുക്കിയത്. ലാത്തൂരിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ അവധിക്കു നാട്ടിലെത്തിയതായിരുന്നു. കൃഷിയുടെയും വാഹനത്തിന്റെയും വായ്പ അടച്ചുതീർക്കാൻ ബുദ്ധിമുട്ടുന്ന കുടുംബമാണു തങ്ങളുടേതെന്നും മകനു സ്മാർട്ട് ഫോൺ വാങ്ങാനുള്ള സാഹചര്യം ഇല്ലായിരുന്നെന്നും മാതാവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)