കൊച്ചിയിൽ ഒരു മണിക്കൂറിനിടെ 3 വാഹനാപകടം, ഒരു മരണം; നഗരത്തിൽ ഗതാഗതം സ്തംഭിച്ചു

Mail This Article
കൊച്ചി ∙ നഗരത്തിൽ ഒരു മണിക്കൂറിനിടെ 3 വാഹനാപകടങ്ങൾ; ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ കുണ്ടന്നൂരിലാണ് ഒരു അപകടം. സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്തായിരുന്നു മറ്റൊരു അപകടം. ഇരുമ്പനത്തു തന്നെയുണ്ടായ മറ്റൊരു അപകടത്തിലാണു മരണം. അപകടങ്ങളെ തുടർന്ന് നഗരം മണിക്കൂറുകളോളം പൂർണമായി സ്തംഭിച്ചു.
ചോറ്റാനിക്കര മൂന്നാം വാർഡിൽ മോപ്പാട്ട് താഴം റോഡിൽ ഏലന്ത്ര പുത്തൻപുരയിൽ സാബുവിന്റെയും (ജോർജുകുട്ടി) മഞ്ജുവിന്റെയും മകൻ നിഖിൽ (23) ആണ് മരിച്ചത്. രാവിലെ കാക്കനാട് സെസ്സിലേക്കു ജോലിക്കു പോകുമ്പോൾ നിഖിൽ ഓടിച്ച ബൈക്കിലേക്കു തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഓവർടേക്ക് ചെയ്ത് വന്നിടിക്കുകയായിരുന്നു എന്നാണു വിവരം.
തേവര ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പർ ലോറിയും തേവരയിൽനിന്ന് വരികയായിരുന്ന കാറും കുണ്ടന്നൂരിൽവച്ചു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്കു പരുക്കേറ്റു. കാറിന്റെ പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനും നിസാര പരുക്കുണ്ട്. കാർ പൂർണമായി തകർന്നു. സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം എസ്എൻഡിപി സ്കൂളിനു സമീപം രാജഗിരി കോളജ് ബസ്സും കാറും കൂട്ടിയിടിച്ചാണു മൂന്നാമത്തെ അപകടം. കാർ യാത്രികനു നിസാര പരുക്കേറ്റു